ശബരിമലയിൽ വിവാദ സന്ദർശനവുമായി എത്തിയത് കൊലക്കേസ് പ്രതിയുടെ ഭാര്യ: എത്തിയത് കുട്ടിയുടെ ചോറൂണിന്; ഭർത്താവിന്റെ നിർബന്ധത്തെ തുടർന്നെന്ന് എത്തിയ ചേർത്തല സ്വദേശിനി
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമലയിൽ വീണ്ടും വിവാദ ദർശനത്തിനായി എത്തിയ യുവതി കൊലക്കേസ് പ്രതിയുടെ ഭാര്യ. ചേർത്തല സ്വദേശി അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പമ്പയിൽ എത്തിയ ചേർത്തല സ്വദേശി അഞ്ജുവി(30)ന്റെ ഭർത്താവ് അഭിലാഷ് എന്ന് പൊലീസ് പറഞ്ഞു.
ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം പമ്പയിൽ എത്തിയ യുവതി ഒടുവിൽ മടങ്ങിപ്പോകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, ഭാര്യയെയും കുട്ടികളെയുമായി മല കയറുമെന്ന് പ്രഖ്യാപിച്ച് അഭിലാഷ് പമ്പയിൽ തന്നെ തുടർന്നതോടെ സ്ഥിതിഗതികൾ അതി രൂക്ഷമായി.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവർ പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. നിലയ്ക്കലിൽ നിന്നും പമ്പ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി തനിയ്ക്ക് മല കയറാൻ സംരക്ഷണം അനുവദിക്കണമെന്ന് ആവ്ശ്യപ്പെട്ടത്. യുവതി പമ്പയിൽ എത്തിയതായി വിവരം അറിഞ്ഞതോടെ പമ്പയിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപം ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറിന്റെ നേതൃത്വത്തിലായിരുന്നു പമ്പയിൽ പ്രതിഷേധ നാമജപം നടത്തിയത്.
പമ്പ പോലീസ് കൺട്രോൾ റൂമിലാണ് യുവതിയെ എത്തിച്ച ശേഷം പൊലീസ് സംഘം ഇവിടെ യുവതിയും ഭർത്താവുമായി ചർച്ച നടത്തി. യുവതി മടങ്ങിപ്പോകാൻ തയ്യാറായെങ്കിലും ഭർത്താവ് ഇതിനു സന്നദ്ധനായില്ല. ഭർത്താവിന്റെ സമ്മർദം സഹിക്കാനാവാതെയാണ് താൻ സന്നിധാനത്ത് എത്തിയതെന്നായിരുന്നു യുവതിയുടെ മറുപടി.
ചിത്തിര ആട്ട തിരുനാളിന് ശബരിമല നട തുറന്നതോടെ ആയിരക്കണക്കിനു ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർഎസ്എസ് നേതാക്കൾ എന്നിവർ അടക്കമുള്ളവരാണ് ശബരിമലയിൽ തമ്പടിച്ച് സമരത്തിനു നേതൃത്വം നൽകുന്നത്.
ഇതിനിടെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതിയുടെ ഭർത്താവ് അഭിലാഷ്. ഇതിനിടെ യുവതിയുടെയും അഭിലാഷിന്റെയും ബന്ധുക്കളെയും വിളിച്ചു വരുത്തി പൊലീസ് ചർച്ച നടത്തുകയാണ്. എന്നാൽ, ഇതുവരെയും ഇവർ പിന്മാറാൻ തയ്യാറായിട്ടില്ല.
ഇതിനിടെ യുവതിയുടെ ചേർത്തലയിലെ വീട്ടിലേയ്ക്ക് നാമജപ ഘോഷയാത്ര നടത്തി ഒരു സംഘം പ്രതിഷേധം ഉയർത്തി. ഇതോടെ യുവതിയുടെ വീടിനുള്ള സുരക്ഷ പൊലീസ് വർധിപ്പിച്ചിട്ടുണ്ട്.