play-sharp-fill
ശബരിമല ഡ്യൂട്ടി; പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താളം തെറ്റുന്നു

ശബരിമല ഡ്യൂട്ടി; പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താളം തെറ്റുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കടുത്ത സുരക്ഷാ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന പൊലീസിലെ പതിനയ്യായിരത്തോളം പൊലീസുകാരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഡ്യൂട്ടിക്കു നിയോഗിച്ചതുമൂലം വിവിധ ജില്ലകളിൽ കേസന്വേഷണത്തെയും ക്രമസമാധാന ചുമതലകളെയും ബാധിക്കുന്നു. 10 പേരെ വരെ സ്‌പെഷൽ ഡ്യൂട്ടിക്ക് അയച്ച സ്റ്റേഷനുകളുണ്ട്. പകൽ ഗതാഗത നിയന്ത്രണത്തെയും രാത്രി പട്രോളിങ് ഡ്യൂട്ടിയെയും വരെ ഇതു ബാധിക്കുന്നു. ഇതോടെ കള്ളന്മാർ തങ്ങളുടെ ഡ്യൂട്ടി ചെയ്യാൻ സജീവമായി രംഗത്തെത്തിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ നിന്ന് അഞ്ഞൂറിലേറെ പേരെയും ഇടുക്കിയിൽ നിന്ന് 459 പേരെയും സ്‌പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. നിരന്തര സംഘർഷ സാധ്യതകൾ പരിഗണിച്ചു മുൻ വർഷങ്ങളിൽ കുറച്ചു പൊലീസുകാരെ മാത്രം അയച്ചിരുന്ന കണ്ണൂരിൽ പോലും ഇത്തവണ സ്ഥിതി വ്യത്യസ്തം. കഴിഞ്ഞ വർഷം 22 പൊലീസുകാരെയാണു നിയോഗിച്ചിരുന്നതെങ്കിൽ, ഇപ്രാവശ്യം 50 വനിതകളടക്കം 175 പൊലീസുകാരെയും മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനിലെ 900 ട്രെയിനികളെയും നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ 10 ദിവസമായിരുന്നു ശബരിമല ഡ്യൂട്ടിയെങ്കിൽ ഇത്തവണ 15 ദിവസമാണു ഡ്യൂട്ടി. ആദ്യ ബാച്ച് തിരിച്ചെത്തുന്നതിനു മുൻപു തന്നെ അടുത്ത ബാച്ച് പോകണം. ഇതുമൂലം രണ്ടു ബാച്ചുകൾ മാറുന്നതിനിടയിലെ 5 ദിവസത്തോളം ഗുരുതര ആൾക്ഷാമമാണ്. ചില ഇൻസ്‌പെക്ടർമാരുടെ വാഹനങ്ങൾ ശബരിമലയിലേക്ക് ഉപയോഗിക്കുന്നതിനാൽ, സ്റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർമാർ അതതു സ്റ്റേഷന്റെ വാഹനം ഉപയോഗിക്കുന്നതും വാഹനക്ഷാമത്തിനിടയാക്കുന്നു.

സ്റ്റേഷനിൽ ശേഷിക്കുന്ന പൊലീസുകാരുടെ സ്ഥിതി ദയനീയം. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പോലും അവധി ലഭിക്കുന്നില്ല. മകരവിളക്ക് ആകുമ്പോഴേക്കും അതിദയനീയമാകും പൊലീസുകാരുടെ സ്ഥിതി.