
പന്തളം : ശബരിമലയിൽ തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെ ദർശന സമയം കൂട്ടാൻ തീരുമാനം. നിലവിലെ ദർശന സമയങ്ങളേക്കാൾ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം ദർശനം സമയം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം നേരത്തെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി മാറും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി പത്തനംതിട്ട കളക്ടറോടും പൊലീസിനോടും ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിങ്ങിലായിരുന്നു കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
ശബരിമല ദര്‍ശനസമയം നീട്ടുന്നതിന് ആചാരപരമായ കാര്യങ്ങള്‍ ഉളളതിനാല്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ തിരക്കാണ് ഇപ്പോള്‍ ശബരിമലയില്‍ അനുഭവപ്പെടുന്നത്. വെര്‍ച്വല്‍ ക്യു വഴി തിരക്ക് നിയന്ത്രിക്കാനുളള നടപടി എടുത്തിരുന്നു. എന്നാല്‍ അതിലും ബുക്കിങ് വര്‍ദ്ധിച്ചു വരുന്നെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നിലവില്‍ ബുക്കിങ്ങിലും നിയന്ത്രണം വേണ്ടി വരുമെന്ന് പൊലീസും ദേവസ്വം ബോര്‍ഡും പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
നിലക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിറയുന്നതിനനുസരിച്ച് അവിടേയ്ക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. മുഴുവന്‍സമയ പൊലീസ് പട്രോള്‍ ഏര്‍പ്പെടുത്തണം എന്നിങ്ങനെയാണ് കോടതിയുടെ നിര്‍ദേശങ്ങള്‍.