ശബരിമലയിലെ ഹിന്ദു വികാരം അളക്കാൻ സിപിഎം ഇറങ്ങുന്നു: രഹസ്യ സർവേയുമായി സിപിഎമ്മും സ്വകാര്യ ഏജൻസിയും വീടുകളിലേയ്ക്ക്; പ്രവർത്തകരെ വിശ്വാസമില്ലാത്ത പാർട്ടി സർവേയ്ക്ക് സ്വകാര്യ ഏജൻസിയെ നിയോഗിക്കുന്നു
പൊളിറ്റിക്കൽ ഡെസ്‌ക്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മും സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട്, പരമ്പരാഗത പാർട്ടി ഹിന്ദു വോട്ടുകളിൽ തിരിച്ചടിയ്ക്കുമെന്ന ഭയത്തിൽ സിപിഎം രഹസ്യ സർവേയ്‌ക്കൊരുങ്ങുന്നു. പാർട്ടി പ്രവർത്തകർക്കു പിന്നാലെ സ്വകാര്യ രഹസ്യ ഏജൻസിയെയും സിപിഎം സർവേയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിപിഎം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ വിലയിരുത്തൽ കൂടിയാവും ഈ സർവേ. തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടി തങ്ങളുടെ ശക്തി കൂടി പരീക്ഷിക്കുകയാണ് ഈ നിലപാട് നിരീക്ഷണത്തിൽ കൂടി.
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി വന്നപ്പോൾ മുതൽ യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും ഇടതു മുന്നണിയും സ്വീകരിച്ചിരുന്നത്. ഇത് സ്ത്രീകൾ അടക്കമുള്ള അയ്യപ്പഭക്തരെ പാർട്ടിയ്ക്കും സർക്കാരിനും എതിരാക്കി എന്നതായിരുന്നു പൊതുവിലുണ്ടായിരുന്ന വികാരം. എന്നാൽ, വിശ്വാസികളുടെ വോട്ടിൽ വിള്ളൽ വീണാൽ ഇത് തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലായിരുന്നു സിപിഎം. പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടാകില്ലെന്നും അതുകൊണ്ടു തന്നെ തങ്ങൾക്ക് സുഖമായി വിജയിച്ച് കയറാനാവുമെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാൽ, ഇതിനെയെല്ലാം തകിടം മറിയ്ക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ബിജെപി നേതാക്കൾ നടത്തുന്നതെന്നാണ് സൂചന. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളിലേയ്ക്ക് പോലും കടന്നു കയറി ഇപ്പോൾ ബിജെപി വിള്ളലുണ്ടാക്കുന്നുണ്ടെന്നാണ് സൂചന. ബിഡിജെഎസ് പിടിക്കുന്ന വോട്ടുകളും അടുത്ത ഘട്ടത്തിൽ തങ്ങൾക്ക് വിള്ളലുണ്ടാക്കുമെന്നും സിപിഎം ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി അനുഭാവി വോട്ടുകളിൽ വിള്ളലുണ്ടോ എന്ന് സിപിഎം കൃത്യമായി പരിശോധിക്കുന്നത്.
വോട്ടർമാരുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയവും അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സിപിഎം. നടത്തുന്ന സർവേയിൽ ശബരിമല വിഷയവും ഉൾപ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസ്സ് തിരിച്ചറിയുകാണ് ലക്ഷ്യം. സമകാലിക സംഭവങ്ങൾക്കൊപ്പമാണ് ശബരിമലയിലെ യുവതീപ്രവേശത്തോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തുന്നത്.
സർവേ അടിയന്തരമായി പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാകമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. വനിതാ മതിലും സർവ്വേയിൽ ഉൾപ്പെടുത്തും. വനിതാ മതിൽ സൃഷ്ടിച്ച സാമൂഹിക ചർച്ചയിൽ നിലപാട് എടുക്കാനാണ് ഇത്. ഹൈന്ദവ സമൂഹത്തിന്റെ പൊതുവിലും സ്ത്രീകളുടെ വിശേഷിച്ചും പ്രതികരണങ്ങളും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കുകയാണ് ലക്ഷ്യം. ഒരു പാർട്ടിയംഗത്തിന് 10 വീടുകളുടെ ചുമതല നൽകിയായിരുന്നു സർവേ. ഇതിന്റെ റിപ്പോർട്ട് ജില്ലാടിസ്ഥാനത്തിൽ ക്രോഡീകരിക്കും. പുതിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തി ഉടൻ പൂർത്തിയാക്കും. വോട്ടർമാരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക ഡേറ്റാബാങ്ക് ഏർപ്പെടുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിൽ സ്വീകരിച്ച നിലപാടിന് പുതുതലമുറയിൽപ്പെട്ടവരിലും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരിൽനിന്നും അനുകൂല പ്രതികരണമാണുണ്ടായതെന്ന് പാർട്ടി വിലയിരുത്തുന്നു. എൻ.എസ്.എസ്. ഉൾപ്പെടെയുള്ള ചില ഹൈന്ദവസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇത് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാണ് ശ്രമം. നായർകുടുംബങ്ങളിൽനിന്നുള്ള ധാരാളംപേർ വനിതാമതിലിൽ പങ്കെടുത്തെന്നും സിപിഎം. സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.
പൊതുതിരഞ്ഞെടുപ്പിനുള്ള സംഘടനാപരമായ ഒരുക്കങ്ങളുടെ മുന്നോടിയായി പത്തിന് തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ സിപിഎമ്മിന്റെ സംസ്ഥാന ശില്പശാല നടക്കും. സംസ്ഥാനസമിതിയംഗങ്ങളും പാർലമെന്റ് മണ്ഡലം സെക്രട്ടറിമാരും പങ്കെടുക്കും. 12, 13 തീയതികളിലാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ശില്പശാല.
ഇതു കൂടാതെയാണ് പാർട്ടിയുടെ നിർദേശാനുസരണം ബംഗളൂരു കേന്ദ്രമായുള്ള സ്വകാര്യ ഏജൻസി നടത്തുന്ന പഠനം. പാർട്ടി പ്രവർത്തകർ നൽകുന്ന കണക്ക് കൃത്യമാണോ എന്ന് ഒത്തു നോക്കുന്നതിനു വേണ്ടിയാണ് ഈ കണക്ക് ഒത്തു നോക്കാൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്.