വിവാദമായ ശബരിമല ചെമ്പോല മോന്‍സന് കൈമാറിയത് പുരാവസ്‌തു കച്ചവടക്കാരന്‍ ഗോപാലകൃഷ്‌ണന്‍; ചെമ്പോലയ്ക്ക് 300 വര്‍ഷത്തെ പഴക്കം

Spread the love

സ്വന്തം ലേഖിക

കൊച്ചി: മോന്‍സന്റെ കൈയിലുണ്ടായിരുന്ന ശബരിമല ചെമ്പോല താന്‍ മോന്‍സണ് കൈമാറിയതാണെന്ന് സൂചിപ്പിച്ച്‌ തൃശൂര്‍ സ്വദേശിയായ പുരാവസ്‌തു കച്ചവടക്കാരന്‍.

മോന്‍സന്റെ സുഹൃത്തായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നും പരിശോധനയില്‍ 300 വര്‍ഷം പഴക്കമുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നതായും തൃശൂര്‍ സ്വദേശിയായ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പലത്തിലെ വെടിവഴിപാടോ നാളികേരമോ ഒരു പ്രത്യേക വ്യക്തിയെ ഏല്‍പ്പിച്ചു എന്നതാണ് ചെമ്പോലയിലെ ഉള‌ളടക്കം. തൃശൂരിലെ ഫിലാറ്റലിക് ക്ലബിലെ ഒരാളില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ ചെമ്പോല സന്തോഷിന് പണം വാങ്ങി വിൽക്കുകയായിരുന്നു.

സിനിമയിലെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് സന്തോഷ് തന്റെ കൈയില്‍ നിന്നും ചെമ്പോല വാങ്ങിയതെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

ഫിലാറ്റലിക് ക്ളബിലെ ഒരംഗം ചെമ്പോല പരിശോധിച്ച്‌ പഴക്കം ഉറപ്പുവരുത്തിയെന്നും ഇദ്ദേഹം പുരാവസ്‌തു വിദഗ്ദ്ധനാണെന്നും ഗോപാലകൃഷ്‌ണന്‍ അവകാശപ്പെട്ടു.

മോന്‍സണെ നേരിട്ട് പരിചയമില്ലെന്നും രണ്ട് കൊല്ലം മുന്‍പ് സന്തോഷിനാണ് ചെമ്പോല നല്‍കിയതെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. മോന്‍സണ്‍ ഒരിക്കല്‍ നേരില്‍ വിളിച്ചിട്ടുണ്ട്. മോന്‍സണെ നേരില്‍ പരിചയപ്പെടാത്തത് നന്നായെന്നും ഗോപാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.