ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും :കേന്ദ്ര സർക്കാർ നിലപാട് നിർണായകം

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ലോക്‌സഭയിൽ . വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്വകാര്യ ബിൽ എൻ കെ പ്രേമചന്ദ്രൻ എംപിയാണ് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ ചർച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എൻകെ പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നൽകിയിരിക്കുന്നത്. ശബരിമല ശ്രീധർമശാസ്ത്ര ക്ഷേത്ര ബിൽ എന്ന പേരിലാണ് ബിൽ അവതരിപ്പിക്കുന്നത്.ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ശബരിമല യുവതീപ്രവേശനം തടയാൻ ലോക്‌സഭയിൽ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ എൻകെ പ്രേമചന്ദ്രൻ അനുമതി തേടിയത്.