പത്തനംതിട്ട: ശബരിമലയിലും നിലയ്ക്കലിലും പമ്പയിലും അക്രമം നടത്തിയ പ്രതികളെ കണ്ടെത്താനുള്ള പൊലീസ് തന്ത്രത്തിൽ കുടുങ്ങിയത് അഞ്ഞൂറിലേറെ അക്രമികൾ. പത്തനംതിട്ടയിലെ നിയമസഹായ വേദി നൽകുന്ന സൗജന്യ നിയമസഹായം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പൊലീസ് പ്രചരിപ്പിച്ച ഫോൺ നമ്പരിലേയ്ക്കു വിളിച്ചവരാണ് കുടുങ്ങിയത്. കേസിൽ പ്രതികളായവരെ കണ്ടെത്താൻ പൊലീസ് തയ്യാറാക്കിയ തന്ത്രത്തിൽ അയ്യപ്പഭക്തരെന്ന പേരിൽ അക്രമം നടത്തിയവർ കുടുങ്ങുകയായിരുന്നു.
നിയമ സഹായവേദി പത്തനംതിട്ടയുടെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചത്. യഥാർത്ഥ വക്കീലൻമാരുടെ പേരിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളാണ് നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച നമ്പരുകൾ യാഥാർത്ഥ്യമാണെന്നു വിശ്വസിച്ച് പലരും ഈ നമ്പരിലേയ്ക്ക് വിളിച്ചു. ഇവരിൽ പലരും തങ്ങളുടെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇത്തരക്കാരെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ഞൂറിലേറെ പേരെ ഈ ഫോൺ വിളി വഴി മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ഉന്നത പൊലീസ് വൃത്തങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലക്കലിലും പമ്പയിലും സമരം ചെയ്തവരുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. നിലയ്ക്കലിലും പമ്പയിലും അടക്കം അക്രമം അഴിച്ചു വിടുകയും മാധ്യമങ്ങളുടെ കാമറ തകർക്കുകയും ചെയ്തവരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പൊലീസ് പുറത്തു വിട്ടിരുന്നത്.
ഈ ചിത്രങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് പൊലീസ് സൗജന്യ നിയമസഹായം എന്ന പേരിൽ നമ്പരുകൾ പുറത്തു വിട്ടത്. ഇത് പൊലീസിന്റെ തന്ത്രമാണെന്ന് തിരിച്ചറിയാതെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സംഘപരിവാർ സംഘടനകൾ തന്നെ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ഒടുവിൽ ഫോൺ വിളിച്ച നിരവധി ആളുകൾ കുടുങ്ങിയതോടെയാണ് ജനം ടിവി ഇതു സംബന്ധിച്ചു വാർത്ത നൽകിയത്. തുടർന്ന് അപകടം തിരിച്ചറിഞ്ഞ സംഘ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ഇപ്പോൾ പ്രചാരണം നടത്തുകയാണ്.