play-sharp-fill
വിശ്വാസികളുടെ പേരിൽ അക്രമം നടത്തിയ ഗുണ്ടാ സംഘങ്ങൾ മലയിറങ്ങി: വീണ്ടും സന്നിധാനത്ത് യുവതികൾ എത്തുന്നു; പ്രതിഷേധമില്ലാതെ ദർശനം നടത്തി ഭക്തർ

വിശ്വാസികളുടെ പേരിൽ അക്രമം നടത്തിയ ഗുണ്ടാ സംഘങ്ങൾ മലയിറങ്ങി: വീണ്ടും സന്നിധാനത്ത് യുവതികൾ എത്തുന്നു; പ്രതിഷേധമില്ലാതെ ദർശനം നടത്തി ഭക്തർ

സ്വന്തം ലേഖകൻ

പമ്പ: മാസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശബരിമല പൂർണ ശാന്തമായി മാറുന്നു. പല തവണ യുവതികൾ പ്രവേശിച്ചിട്ടും സന്നിധാനത്ത് സ്ഥിതിഗതികൾ ശാന്തം തന്നെയാണ്. സംഘപരിവാറിന്റെ പ്രവർത്തകരും, ക്രമിനലുകളും തമ്പടിച്ച് മലയിൽ സംഘർഷം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിഞ്ഞിരിക്കുന്നു. സുപ്രീം കോടതി വിധി അനൂസരിക്കാൻ മലകയറിയെത്തുന്ന വിശ്വാസികളെല്ലാം തയ്യാറാകുന്നതോടെയാണ് സന്നിധാനം ശാന്തമായി മാറിയിരിക്കുന്നത്.
ഏറ്റവും ഒടുവിൽ തിങ്കളാഴ്ച സിങ്കാരി ശ്രീനിവാസൻ എന്ന തമിഴ് യുവതിയാണ് അയ്യനെ കണ്ട് തൊഴുതതെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. വർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്ത ശേഷമാണ് 48 കാരിയായ ഇവർ സന്നിധാനത്തേയ്ക്ക് മലകയറിയെത്തിയത്. പട്ടാപ്പകൽ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിൽ ഇവർ മലകയറിയെത്തിയിട്ടു പോലും ഒരാളും പ്രതിഷേധിക്കാനായി എത്തിയില്ല.
വിശ്വാസികളുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുറച്ച അക്രമികൾ ശബരിമലയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് അക്രമം മാറ്റിയതിനാൽ വിശ്വാസികൾക്ക് ആവശ്യാനുസരണം എത്തി തൊഴുതുമടങ്ങാമെന്നുള്ള അന്തരീക്ഷം തുടരുകയാണ്. വിശ്വാസികൾ യാതൊരു പ്രതിഷേധവും നടത്താതെ യുവതികളെയെല്ലാം ദർശനത്തിനായി അനുവദിച്ചു.

നേരത്തെ ബിന്ദുവും കനകദുർഗയും ദർശനം നടത്തിയപ്പോഴും വിശ്വാസികൾ പ്രതിഷേധിച്ചിരുന്നില്ല. യുവതികളാണെന്ന ബോധ്യം ഏവർക്കും ലഭിക്കണം എന്ന കണക്കുകൂട്ടലിൽ ചുരിദാറിട്ടാണ് ഇവർ മലചവിട്ടിയത്. എന്നിട്ടും യാതൊരു പ്രതികരണവും വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതിൽനിന്നെല്ലാം മനസിലാക്കാൻ സാധിക്കുന്നത് വിശ്വാസികളുടെ പേരിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ച ഗൂണ്ടാസംഘങ്ങൾ ഒഴിഞ്ഞുപോയതോടെ ശബരിമല ശാന്തമായി എന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group