പണിമുടക്ക് ഹർത്താലായി: പലയിടത്തും ട്രെയിൻ പോലും തടയുന്നു: കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ടാക്‌സി വാഹനങ്ങളും ഓടുന്നില്ല; കോട്ടയത്തും ഹർത്താൽ പ്രതീതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹർത്താലാകില്ലെന്നും ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കില്ലെന്നുമുള്ള വിവിധ സംഘടനകളുടെ ഉറപ്പ് പാഴായി. ദേശീയ പണിമുടക്കിന്റെ ഭാഗമായി നിരത്തുകൾ വിജനമായതോടെ സംസ്ഥാനത്ത് ഹർത്താൽ പ്രതീതി. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും സമരാനുകൂലികൾ വാഹനങ്ങൾ തടയുക കൂടി ചെയ്തതോടെ ട്രെയിൻ ഗതാഗതവും താറുമാറായി. കോട്ടയം നഗരത്തിൽ ഹർത്താൽ പ്രതീതി തന്നെയാണ്. ഹോട്ടലുകളും വിവിധ സ്ഥാപനങ്ങളും ഏതാണ്ട് അടഞ്ഞ് കിടക്കുന്ന പ്രതീതി തന്നെയാണ്.
തിരുനന്തപുരത്ത് സമരക്കാർ ട്രെയിനുകൾ തടഞ്ഞു. പരശുറാം,വേണാട്, രപ്തി സാഗർ, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് സമരക്കാർ തടഞ്ഞത്. ചെന്നൈ- തിരുവനന്തപുരംമെയിൽ തൃപ്പൂണിത്തറയിലും തടഞ്ഞു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് ട്രെയിനുകൾ കടത്തി വിട്ടത്. ആലപ്പുഴയിലും കോഴിക്കോട്ടും സമരക്കാർ ട്രെയിൻ തടഞ്ഞു. അഞ്ചു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ആറരയോടെയാണ് പുറപ്പെട്ടത്. മറ്റു വണ്ടികളും വൈകിയാണ് ഓടുന്നത്. രാവിലെ തിരുവനന്തപുരത്ത് മാത്രമാണ് ട്രെയിൻ തടഞ്ഞതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രെയിനുകൾ തടയുമെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗത സംവിധാനം രാത്രി തന്നെ നിശ്ചലമായിരുന്നു. പമ്പയിലേയ്ക്കുള്ള കെ.എസ്ആർടിസി സർവീസുകൾ മാത്രമാണ് പലഡിപ്പോയിൽ നിന്നും നടക്കുന്നത്. 10 മണിയോടെ ദീർഘദൂര ബസുകൾ ഉൾപ്പെടെ സർവീസ് നിർത്തിവെച്ചു. സ്വകാര്യ ബസുകളും നിരത്തിലോടില്ല. പമ്പുകളും പണിമുടക്ക് ദിനത്തിൽ തുറക്കില്ലെന്ന് ഇന്ധന ഡീലർമാർ അറിയിച്ചിട്ടുണ്ട്.
അതേസമയം കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചെങ്കിലും ഇത് എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം. കടകൾ അടക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികളും വ്യക്തമാക്കി.
48 മണിക്കൂർ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.