ശബരിമല വീണ്ടും വോട്ടാക്കാമെന്ന് പ്രതീക്ഷിച്ച് സുരേന്ദ്രൻ കോന്നിയിൽ: കുമ്മനത്തെ അവസാന ലാപ്പിൽ പുറത്താക്കി ഗ്രൂപ്പ് കളിയിലൂടെ വട്ടിയൂർക്കാവിൽ എസ്.സുരേഷ്: ത്രികോണ പോരാട്ടം പ്രതീക്ഷിച്ചത് വട്ടിയൂർക്കാവിൽ: പക്ഷേ നടക്കുന്നത് കോന്നിയിൽ

ശബരിമല വീണ്ടും വോട്ടാക്കാമെന്ന് പ്രതീക്ഷിച്ച് സുരേന്ദ്രൻ കോന്നിയിൽ: കുമ്മനത്തെ അവസാന ലാപ്പിൽ പുറത്താക്കി ഗ്രൂപ്പ് കളിയിലൂടെ വട്ടിയൂർക്കാവിൽ എസ്.സുരേഷ്: ത്രികോണ പോരാട്ടം പ്രതീക്ഷിച്ചത് വട്ടിയൂർക്കാവിൽ: പക്ഷേ നടക്കുന്നത് കോന്നിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  ശബരിമല വോട്ടാക്കി മാറ്റാൻ കോന്നി ഉപതിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ ഇറക്കി ബി ജെ പിയുടെ നിർണ്ണായക കളി. വട്ടിയൂർക്കാവിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും , അരൂരിൽ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് എസ്.സുരേഷും , മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറും , എറണാകുളത്ത് സി.ജി രാജഗോപാലും ആണ് സ്ഥാനാർത്ഥികൾ ആയി എത്തുക.

അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ ബിജെപിയും പ്രഖ്യാപിച്ചതോട അപ്രതീക്ഷിത ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുമ്മനം രാജശേഖരന് പകരം ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് വന്നതോടെ മണ്ഡലത്തിലെ ത്രികോണ പോര് എന്ന പ്രതീതി ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാല്‍ ശബരിമല വോട്ടാക്കി മാറ്റാൻ ബി ജെ പി  കെ സുരേന്ദ്രനെ കോന്നിയിലേക്ക് എത്തിച്ചതോടെ ഉപതെരഞ്ഞെടുപ്പില്‍ ഒട്ടും ശ്രദ്ധിക്കപ്പെടില്ല എന്ന് കരുതിയ കോന്നി ഇപ്പോള്‍ ഗ്ലാമര്‍ മണ്ഡലമായി മാറിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പൊട്ടിത്തെറി ഗുണമാകുമെന്നും ഇവിടെ താമര വിരിയിക്കാമെന്ന കണക്ക് കൂട്ടലുമാണ് കെ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്ത് ബി ജെ പി പ്രതീക്ഷ വച്ചിരുന്ന  മണ്ഡലങ്ങള്‍ മഞ്ചേശ്വരവും വട്ടിയൂർക്കാവും ആയിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും 2016ല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇരുവരേയും ബിജെപി വീണ്ടും മത്സരിപ്പിക്കും എന്ന് തന്നെയാണ് കരുതിയിരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ത്രികോണ് മത്സരം എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേന്ദ്രന് ലഭിച്ചത്. ഇത് തന്നെയാണ് കോന്നിയില്‍ സുരേന്ദ്രനെ പരിഗണിക്കുന്നതിലേക്ക് നയിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ നിയമസഭ മണ്ഡലമാണ് കോന്നി. ഇവിടെ 46540 വോട്ടുകള്‍ നേടിയ സുരേന്ദ്രന്‍ വെറും 460 വോട്ടുകള്‍ മാത്രമാണ് വീണ ജോര്‍ജുമായിട്ടുള്ള വ്യത്യസം. ഒന്നാമത് വന്ന ആന്റോ ആന്റണിയുമായിട്ടുള്ള വ്യത്യാസം വെറും 2460 വോട്ടും. ഇൗ സാഹചര്യങ്ങളാണ് കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്തെക്കാള്‍ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കട്ടെ എന്ന് പാർട്ടി തീരുമാനിച്ചത്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് പകരം എസ് സുരേഷ് എത്തുന്നതോടെ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബിജെപിക്ക് കഴിയുമോ എന്നതാണ് ചോദ്യം. സംഘടനയ്ക്ക് അപ്പുറത്ത് കുമ്മനം എന്ന വ്യക്തിക്ക് ലഭിച്ചിരുന്ന വോട്ടുകള്‍ സമാഹരിക്കാന്‍ സുരേഷിന് കഴിയുമോ എന്നതാണ് ചോദ്യം. അതേസമയം പാര്‍ട്ടിക്ക് ഏറ്റവും വലിയ സംഘടനാ അടിത്തറയുള്ള തലസ്ഥാന ജില്ലയില്‍ സുരേഷിന്റെ നേതൃമികവില്‍ തന്നെയാണ് ബിജെപി വളര്‍ച്ച കൈവരിച്ചതും. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ 35സീറ്റുകള്‍ നേടി 100 വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി മാറി. 016 നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് ആദ്യ താമര വിരിയിക്കാനും വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടത്തും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതും സുരേഷിന്റെ സംഘടനാ പാടവത്തിന് തെളിവാണ്.

താന്‍ നേതൃത്വം കൊടുത്ത തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ സംഘടന ചലിപ്പിക്കാനും സുരേഷിന് കഴിയും. പാര്‍ട്ടി വോട്ടുകള്‍ ഉറപ്പായും ലഭിക്കുമെങ്കിലും ബിജെപി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നത് പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറം സുരേഷ് സമാഹരിക്കുന്ന വോട്ടുകളുടെ എണ്ണം തന്നെയാണ്.ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് കെ.സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തത്. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാണിച്ചിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നതോടെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാവുകയായിരുന്നു.

കെ.യു.ജനീഷ് കുമാറാണ് കോന്നിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. പി.മോഹന്‍രാജ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. അതേസമയം, എന്‍.ഡി.എ. മുന്നണിയിലാണെങ്കിലും ബിജെപി.യുമായി ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസിന്റെ നിലപാടുകളും തീരുമാനങ്ങളും ഒരുപക്ഷേ കോന്നിയില്‍ നിര്‍ണായകമായേക്കും. ബിഡിജെഎസ് നിലപാട് നിര്‍ണായകമാകുക കോന്നി, അരൂര്‍ മണ്ഡലങ്ങളിലാകും.

വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ച്‌ മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എസ്.സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം താന്‍ ശിരസാ വഹിക്കുന്നുവെന്നും കുമ്മനം അറിയിച്ചു. അങ്ങേയറ്റം അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ അങ്ങേയറ്റം സന്തോഷത്തോടെ എസ്.സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്ത് ത്യാഗം സഹിച്ചായാലും സുരേഷിന്റെ വിജയത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

അതേസമയം, കേന്ദ്ര നേതൃത്വം തന്നെ ഒരു ചുമതല ഏല്‍പ്പിച്ചിരിക്കുകയാണെന്നും ആ ചുമതല ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും വട്ടിയൂര്‍ക്കാവില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിക്കുമെന്നും കുമ്മനം രാജശേഖരനോടൊപ്പമുണ്ടായിരുന്ന എസ്.സുരേഷ് പ്രതികരിച്ചു. കുമ്മനം രാജശേഖരനെ പോലെ ഒരു സമുന്നതനായ വ്യക്തിത്വം വട്ടിയൂര്‍ക്കാവില്‍ വരണം എന്നാണ് താനുള്‍പ്പെടെയുള്ളവര്‍ ആഗ്രഹിച്ചതെന്നും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം വട്ടിയൂര്‍ക്കാവിന്റെ ചില സാഹചര്യങ്ങളും മറ്റ് മാനദണ്ഡങ്ങളും നോക്കിയാണ് തന്നെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതെന്നും എസ്.സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം വരെ വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ രംഗത്തിറങ്ങുമെന്ന് ശക്തമായ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. കുമ്മനം മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജാഗോപാലും ഇന്നലെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ബി.ജെ.പിയ്‌ക്കുള്ളിലെ അസ്വാരസ്യങ്ങള്‍ കാരണം തീരുമാനം നീളുകയായിരുന്നു.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തന്റെ പേര് അയച്ചിരുന്നുവെന്നും എന്നാല്‍ എന്തു കൊണ്ടാണ് കേന്ദ്ര നേതൃത്വം പേര് ഒഴിവാക്കിയതെന്ന് ആലോചിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍.

മികച്ച സ്ഥാനാര്‍ത്ഥിയാണ് എസ് സുരേഷെന്നും സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കുമെന്നും കുമ്മനം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്. ഒരാളെയല്ലേ പാര്‍ട്ടിയ്ക്ക് തീരുമാനിക്കാന്‍ സാധിക്കൂ. സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവര്‍ത്തിക്കും. ഏറ്റവും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തോടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക അംഗീകരിക്കുന്നു.

മുന്‍ എം.എല്‍.എയും മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ കെ. മോഹന്‍ കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ മോഹന്‍ കുമാറിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേരത്തേ ധാരണയായിരുന്നതാണ്. മുന്‍ എംഎല്‍എ പീതാംബരക്കുറുപ്പിനെയാണ് ആദ്യം ഇവിടേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് കുറുപ്പിനെ മാറ്റി ഒടുവില്‍ മോഹന്‍ കുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

തന്റെ നോമിനിയായിരുന്ന പീതാംബരക്കുറുപ്പിനെ ഒഴിവാക്കി മോഹന്‍കുമാറിനെ കളത്തിലിറക്കിയതില്‍ മുന്‍ എംഎല്‍എ കെ മുരളീധരനും എതിര്‍പ്പില്ലെന്നാണ് സൂചന. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്താണ് എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്.നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ജില്ലാകമ്മിറ്റിയില്‍ ഭിന്നത ഉടലെടുത്തിരുന്നു. വട്ടിയൂര്‍കാവില്‍ പ്രശാന്ത് വേണ്ടെന്ന നിലപാട് ആയിരുന്നു ജില്ലാകമ്മറ്റിയെങ്കിലും ഒടുവില്‍ നറുക്ക് വീണത് പ്രശാന്തിനാണ്.