ശബരിമലയിൽ യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല : സർക്കാർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കു ശേഷം കേരളത്തിൽ അരങ്ങേറിയ കോലാഹലങ്ങൾ ഒന്നു കെട്ടടങ്ങുമ്പോൾ പുതിയ വാദവുമായി എത്തുകയാണ് സംസ്ഥാന സർക്കാർ.
യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എൻഎസ്എസ് സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി നൽകിയിരിക്കുന്ന മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ ഉന്നയിക്കുന്ന വാദം, സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ ആണ് എഴുതി നൽകിയിരിക്കുന്നത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ അത് ബാധിക്കും എന്ന് വാദിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും പത്ത് വയസ്സ് ഉള്ള പെൺകുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
35 വയസ് കഴിഞ്ഞ യുവതികൾക്കും 2007വരെ തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗമാകമായിരുന്നുവെന്നും 2007 ലാണ് ഇത് 60 വയസായി ഉയർത്തിയതെന്നും 35 വയസ്സുള്ള യുവതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകാൻ സാധിക്കുമെങ്കിൽ എന്തു കൊണ്ട് ശബരിമലയിൽ പ്രവേശിച്ചു കൂടായെന്നും സംസ്ഥാന സർക്കാർ മറുപടിയിൽ വ്യക്തമാക്കി.
തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃപരിശോധന ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സബ്മിഷൻ എഴുതി നൽകി. ജയ്ദീപ് ഗുപ്ത എഴുതി നൽകിയ എട്ട് പേജ് സബ്മിഷനിലെ പ്രധാന വാദങ്ങൾ ഇവയൊക്കെയാണ്.
യുവതികളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിറുത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷണീയമായ ആചാരത്തിന്റെ ഭാഗം അല്ലെന്നും
യുവതീ പ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അനുപേക്ഷണീയമായ ആചാരം എന്ന തന്ത്രിയുടെ വാദം കണക്കിൽ എടുത്ത് ശബരിമല വിധി പുനഃപരിശോധിക്കരുതെന്നും സർക്കാർ വ്യക്തമാക്കുന്നു.
യുവതികൾക്ക് നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽപ്രവേശിക്കാൻ അനുമതിയുണ്ട്. വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമാണ്. ഒരു മതത്തിലെയോ, പ്രത്യേക വിഭാഗത്തിന്റെയോ അനുപേക്ഷിണീയമായ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത്. ശബരിമലയിലെ യുവതി പ്രവേശനം വിലക്കുന്നത് ആചാര പരമായ സമ്ബ്രദായം ആണെന്ന അഭിഭാഷകൻ വെങ്കിട്ട രാമന്റെ വാദം തെറ്റ് തന്നെയാണ്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കും എന്ന ഹർജിക്കാരി ഉഷ നന്ദിനിയുടെ അഭിഭാഷകന്റെ വാദവും തെറ്റാണ്, സബ്മിഷനിൽ സർക്കാർ വ്യക്തമാക്കി.