
ഡൽഹി:റഷ്യയില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട അക്വാ ടൈറ്റൻ എന്ന ഭീമൻ എണ്ണക്കപ്പല്‍ കടലില്‍ വെച്ച് അപ്രതീക്ഷിതമായി ദിശമാറ്റി ഇന്ത്യയിലേക്ക് തിരിക്കുന്നത് ആഗോള എണ്ണ വിപണിയില്‍ വലിയ ചർച്ചയാകുന്നു.
ബാള്‍ട്ടിക് കടലില്‍ നിന്ന് ചരക്ക് നിറച്ച് ചൈനീസ് തുറമുഖമായ റിഷോയിലേക്ക് പോകുകയായിരുന്ന ഈ ടാങ്കർ, ലക്ഷ്യസ്ഥാനത്ത് എത്താൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യയിലെ ന്യൂ മംഗളൂരു തുറമുഖത്തേക്ക് യു-ടേണ്‍ എടുത്തത്.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം. അക്വാ ടൈറ്റന് പുറമെ ചൈനയിലേക്ക് പുറപ്പെട്ട മറ്റ് ആറ് കപ്പലുകള്‍ കൂടി സമാനമായ രീതിയില്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം ഇറാൻ തടസ്സപ്പെടുത്തിയതോടെയാണ് ലോകരാജ്യങ്ങള്‍ റഷ്യൻ എണ്ണയ്ക്കായി കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.
ഇതിനോടകം തന്നെ ഇന്ത്യൻ റിഫൈനറികള്‍ 30 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയോട് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന് അമേരിക്കയില്‍ നിന്ന് പരോക്ഷമായ അനുമതി ലഭിച്ചതും ഇന്ത്യയ്ക്ക് ഗുണകരമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യൻ വിപണിയിലേക്ക് എത്തുന്നതോടെ വരും ദിവസങ്ങളില്‍ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.
യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെ ഫോസില്‍ ഇന്ധന കയറ്റുമതിയിലൂടെ റഷ്യ വൻ സാമ്പത്തിക നേട്ടമാണ് കൊയ്യുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം ഏകദേശം 600 കോടി യൂറോയുടെ വരുമാനം റഷ്യ സ്വന്തമാക്കി.
ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചില്‍ എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ വിലയില്‍ 14 ശതമാനത്തോളം വർധനവുണ്ടായതാണ് റഷ്യയ്ക്ക് തുണയായത്. സെന്റർ ഫോർ റിസർച്ച് ഓണ്‍ എനർജി ആൻഡ് ക്ലീൻ എയർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാർച്ച് മാസത്തില്‍ മാത്രം 67.2 കോടി യൂറോയുടെ അധിക വരുമാനമാണ് റഷ്യൻ ഖജനാവിലേക്ക് എത്തിയത്.







