
സ്വന്തം ലേഖകൻ
ന്യൂയോർക്ക്: കോവിഡിന് മുന്നിൽ റഷ്യയുടെയും അമേരിക്കയുടെയും ശത്രുത മെല്ലെ തണുക്കുന്നു. കോവിഡിനെ തടനാനുള്ള മരുന്നുകൾ നൽകാമെന്ന് റഷ്യ അറിയിച്ചത് അമേരിക്ക ഇരുകൈയും നീട്ടി സ്വീകരിച്ചത് സൗഹൃദത്തിന്റെ തുടക്കമായാണ് ഇതിനെ എല്ലാവരും വിലയിരുത്തുന്നത്. ശത്രുവാണെങ്കിലും ഒരാപത്തുണ്ടാകുമ്പോൾ സഹായിക്കണമല്ലോ എന്ന തത്വമാണ് ഇതിന് പിന്നിലെന്നും പറയുന്നു.
കോവിഡിൽ ശ്വാസം മുട്ടുന്ന യു.എസിനെ സഹായിക്കാൻ മരുന്നുകളുമായി റഷ്യൻ വിമാനം അമരിക്കയിൽ പറന്നിറങ്ങി. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ വാഗ്ദാനം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്വീകരിച്ചതോടെയാണ് റഷ്യൻ സൈനികവിമാനം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമായി ന്യൂയോർക്കിൽ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുന്നുകൾ, ഫേസ് മാസ്‌കുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുമായാണ് റഷ്യൻ വിമാനം 8000 കിലോമീറ്റർ താണ്ടി ന്യൂയോർക്കിൽ പറന്നിറങ്ങിയത്. യു.എസിൽ രണ്ട് ലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും വലിയ ക്ഷാമമാണ് നേരിടുന്നത്.
തുടർന്ന് ഇരുനേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിന്റെ സഹായം ട്രംപ് സ്വീകരിക്കുകയായിരുന്നു.കോവിഡ് വൈറസ് എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലും വൈറസ് ബാധയ്ക്ക് ആഗോള സ്വഭാവമുള്ളതിനാലുമാണ് യു.എസിനെ സഹായിക്കുന്നതെന്നാണ് റഷ്യൻ ഭരണകൂടത്തിന്റെ വിശദീകരണം.
റഷ്യയുടെ സഹായം മികച്ചതാണെന്നും വലിയൊരു വിമാനം നിറയെ സഹായമാണ് റഷ്യയിൽ നിന്ന് ലഭിച്ചതെന്നുമാണ് ട്രംപിന്റെ പ്രതികരണം.യു.എസിൽ ഇതുവരെ 4100 പേരാണ് മരിച്ചത്. ചൈനയുടെ ഔദ്യോഗിക മരണസംഖ്യയെക്കാളും അപ്പുറത്തേക്ക് യു.എസ് എത്തി.
എന്നാൽ റഷ്യയുടെ സഹായം സ്വീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും അമേരിക്കയിൽ ഉയരുകയാണ്. റഷ്യയിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെദോഷം ചെയ്യുമെന്നാണ് വിമർശകർ ആരോപിക്കുന്നു.
ലോക രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപനം ശമനമില്ലാതെ തുടരുന്നു. ആഗോളതലത്തിൽ മരിച്ചവരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു.9 ലക്ഷത്തോളം രോഗബാധിതർ ഇപ്പോഴും ചികിത്സയിലാണ്. അമേരിക്കയിൽ മരണസംഖ്യ 4056 ഉം ഫ്രാൻസിൽ 3523 ഉം ആണ്. ചൈനയിൽ 3312 പേരാണ് മരിച്ചത്.
എന്നാൽ, ഇത് ശരിക്കുള്ള കണക്കല്ലെന്നും കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ 10 ലക്ഷം ആരോഗ്യപ്രവർത്തകരോട് സഹായം തേടി. 80,000 വിരമിച്ച നഴ്‌സുമാരും ഡോക്ടർമാരും സന്നദ്ധ സേവനത്തിനുണ്ടായിട്ടും കാര്യങ്ങൾ എങ്ങുമെത്താത്ത അവസ്ഥയാണ്.
മറ്റ് സംസ്ഥാനങ്ങളിലും ന്യൂയോർക്കിലേതിന് സമാനമായ സാഹചര്യമുണ്ടാകുമോ എന്ന ഭയവും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കാലിഫോർണിയയിൽ രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം രണ്ടിരട്ടിയുമായി.