പൂജാര പുറത്ത്; രോഹിത് വൈസ് ക്യാപ്റ്റൻ; നെറ്റ്‌സിൽ പന്തെറിഞ്ഞ നടരാജൻ ഇന്ത്യൻ ടീമിൽ; ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കരുത്ത് തെളിയിക്കാൻ ഇന്ത്യ
തേർഡ് ഐ സ്‌പോട്‌സ്
മെൽബൺ: ആദ്യ ടെസ്റ്റിൽ തകർന്നു തരിപ്പണമായ ശേഷം, രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റന്റെ മികവിൽ ഉജ്വല വിജയം നേടിയ ടീം ഇന്ത്യ മൂന്നാം ടെസ്റ്റിനായി കൂടുതൽ കരുത്തോടെ ഒരുങ്ങുന്നു. പരിക്കു ഭേദമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയ രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ചേതേശ്വർ പൂജാരയെ നീക്കിയാണ് ഉപനായക സ്ഥാനം രോഹിത്തിന് നൽകിയത്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ് ലിക്കു പകരം മെൽബണിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് അജിൻക്യ രഹാനെയായിരുന്നു. ഉപനായകൻ ചേതേശ്വർ പൂജാരയും. രോഹിത് ശർമ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് പൂജാരയ്ക്ക് ഉപനായക സ്ഥാനം നഷ്ടമായത്. ജനുവരി ഏഴിന് സിഡ്നിയിൽ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രഹാനെയ്ക്കൊപ്പം ഉപനായകനായി രോഹിത്തുമുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, രണ്ടാം ടെസ്റ്റിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണറായി രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും കാര്യമായി തിളങ്ങാതെ പോയ മായങ്ക് അഗർവാളിനു പകരം രോഹിത് ഓപ്പണറാകാനാണ് സാധ്യത. രോഹിത്തിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നതെങ്കിൽ സ്വാഭാവികമായും ഇതുവരെ തിളങ്ങാത്ത ഹനുമ വിഹാരി പുറത്തുപോകും.
അതിനിടെ ഉപനായക സ്ഥാനത്തുനിന്ന് ചേതേശ്വർ പൂജാരയെ നീക്കിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ബിസിസിഐ പ്രതിനിധി പ്രതികരിച്ചു. പരിക്കു ഭേദമായി ടീമിൽ തിരിച്ചെത്തിയാൽ രോഹിത് ശർമയാകും വൈസ് ക്യാപ്റ്റനെന്ന കാര്യം ടീം മാനേജ്മെന്റ് നേരത്തേതന്നെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘വിരാട് കോഹ് ലി നാട്ടിലേക്കു മടങ്ങുകയും അജിൻക്യ രഹാനെ ക്യാപ്റ്റനായി ഉയർത്തപ്പെടുകയും ചെയ്യുമ്‌ബോൾ ആരാകും വൈസ് ക്യാപ്റ്റനെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടയുണ്ടായിട്ടില്ല. തീർച്ചയായും അത് രോഹിത് ശർമ തന്നെയാണ്. രോഹിത് ടീമിനൊപ്പം ചേരുന്നതിലുണ്ടായ കാലതാമസം മുൻനിർത്തിയാണ് രണ്ടാം ടെസ്റ്റിൽ പൂജാരയെ ഉപനായകനാക്കിയത്’ അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
‘ദീർഘകാലമായി ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് തന്നെയാണ്. വിരാട് കോഹ് ലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നേതൃസംഘത്തിലും അദ്ദേഹം അംഗമാകുമെന്നത് വ്യക്തമല്ലേ’ എന്നും ബിസിസിഐ പ്രതിനിധി ചോദിച്ചു.
ഇതിനിടെ, ഇന്ത്യൻ ടീമിന്റെ ഭാഗമായി നെറ്റ്‌സിൽ പന്തെറിയാൻ എത്തിയ നടരാജന് മറ്റൊരു അപൂർവ ഭാഗ്യം കൂടി ലഭിച്ചു. നെറ്റ്‌സിൽ പന്തെറിയാൻ എത്തിയ നടരാജനെ ഇപ്പോൾ ടെസ്റ്റ് ടീമിന്റെ ഭാഗമായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. പരിക്കേറ്റ പേസർ ഉമേഷ് യാദവിനു പകരമാണ് ഇപ്പോൾ നടരാജൻ ടീമിന്റെ ഭാഗമായി ചേർന്നിരിക്കുന്നത്. നേരത്തെ ട്വന്റ് ട്വന്റിയിലും വൺഡേയിലും നടരാജൻ തന്നെ ഇന്ത്യൻ പേസ് നിരയുടെ ഭാഗമായിരുന്നു.