‘കളളന്മാരാണ്, മോഷ്ടിക്കാന്‍ വന്നതാണ്, സഹകരിക്കണം’: വീട്ടുകാരെ വിളിച്ചുണർത്തി സഹായം അഭ്യർത്ഥിച്ച് കള്ളന്മാർ ; അമ്പരന്ന് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂർ :വീട്ടുകാരെ വിളിച്ചുണര്‍ത്തി മോഷ്ടിക്കാന്‍ എത്തിയതാണെന്ന് സ്വയം പരിചയപ്പെടുത്തി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മോഷ്ടാക്കൾ . തൃശൂര്‍ മുല്ലക്കരയില്‍ പാലക്കാട് ഹൈവേയോട് ചേര്‍ന്നുളള ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് വ്യത്യസ്ത രീതിയിലുളള മോഷണം അരങ്ങേറിയത്.
മുഖംമൂടിയിട്ട നാലുയുവാക്കളാണ് രാത്രി മോഷണത്തിനായി ഇവരുടെ വീട്ടില്‍ കടന്നുകയറിയത്. ഉറങ്ങിക്കിടന്ന അമ്മയെയും മകനെയും വിളിച്ചുണര്‍ത്തി മോഷ്ടിക്കാന്‍ കയറിയതാണെന്നും സഹകരിക്കുന്നതാണ് നിങ്ങള്‍ക്കും നല്ലതെന്ന് പറഞ്ഞാണ് കളളന്‍മാര്‍ പരിപാടി തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് മോഷണത്തെ പറ്റി പറയുന്നത് ഇങ്ങനെ
വീടിനോട് ചേര്‍ന്നാണ് ഡോ. ക്രിസ്റ്റിയുടെ ക്ലിനിക്കും.ക്ലിനിക്കിന്റെ ബലക്കുറവുളള വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ക്ലിനിക്കിനെയും വീടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചില്ല് വാതിലും ഇവര്‍ തകര്‍ത്തു. അവിടെയാണ് ഡോക്ടറുടെ അമ്മയും മകനും കിടന്നുറങ്ങിയരുന്നത്. വീട്ടിലുണ്ടായിരുന്നു അരിവാളും കളളന്‍മാര്‍ കയ്യിലെടുത്തിരുന്നു.
അമ്മയെയും മകനെയും വിളിച്ചുണര്‍ത്തി മോഷ്ടിക്കാന്‍ വന്നതാണ് തങ്ങളെന്നും, ശബ്ദം ഉണ്ടാക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉറങ്ങുന്ന ഡോക്ടറെയും ഭാര്യയെയും വിളിച്ചുണര്‍ത്താനായി മകനുമായി കളളന്‍മാര്‍ മൂന്നുപേര്‍ മുകളിലെ നിലയിലേക്ക് പോയി. ഒരാള്‍ താഴത്തെ നിലയില്‍ അമ്മ ശബ്ദം ഉണ്ടാക്കാതെ ഇരിക്കാന്‍ അവിടെ കൂടെ നിന്നു. മകനെക്കൊണ്ട് അച്ഛനെയും അമ്മയെയും മോഷ്ടാക്കള്‍ വിളിച്ചുണര്‍ത്തി. വാതില്‍ തുറന്ന ഡോക്ടറിനോടും മോഷ്ടിക്കാന്‍ കയറിയതാണ്, സഹകരിക്കണം എന്ന് പറഞ്ഞു.
പണവും സ്വര്‍ണവും ആവശ്യപ്പെട്ടെങ്കിലും ഒന്നുമില്ലെന്ന് വീട്ടുകാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇവിടെ പണവും സ്വര്‍ണവും ഉണ്ടെന്നറിഞ്ഞാണ് മോഷ്ടിക്കാന്‍ കയറിയതെന്ന് പറഞ്ഞ കളളന്‍മാര്‍ വീടിനുളളില്‍ അലമാരയില്‍ അടക്കം പരിശോധന നടത്തി.
ഒടുവില്‍ ദേഷ്യത്തോടെ അലമാരയുടെ പുറത്തുണ്ടായിരുന്ന ടെഡി ബിയറിന്റെ പാവക്കുട്ടി എടുത്ത് കളളന്‍മാരില്‍ ഒരാള്‍ വെട്ടുകൊടുത്തു. അതില്‍ നിന്നും പുറത്തുവീണത് അഞ്ചുകെട്ട് നോട്ടും സ്വര്‍ണാഭരണങ്ങളുമായിരുന്നു. ഇതെല്ലാം കൈക്കലാക്കി ഇറങ്ങുന്നേരം സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കളളന്‍മാര്‍ ഞങ്ങള്‍ ഇതെടുക്കുവാണെന്ന് പറഞ്ഞ് കൊണ്ടുപോയി.
പാവയ്ക്കുളളില്‍ മുപ്പത് പവനോളം സ്വര്‍ണവും 80,000 രൂപയും ഉണ്ടായിരുന്നതായിട്ടാണ് വീട്ടുകാര്‍ അറിയിച്ചത്. മോഷ്ടാക്കള്‍ എല്ലാവരും സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു എന്നും വീട്ടുകാര്‍ പറഞ്ഞു.
വീട്ടില്‍ മോഷണം അരങ്ങേറുന്നേരം ഇവരുടെ വീടിന് മുന്നിലെ വഴിയില്‍ ഹൈവേയില്‍ പുലര്‍ച്ചെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പട്രോളിങ്ങിന് വന്ന പൊലീസ് ചെക്ക് ചെയ്തിരുന്നു. മണ്ണൂത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഇത്. ദൂരയാത്ര കഴിഞ്ഞ് വരുന്നതിനാല്‍ ഉറക്കം തോന്നിയത് കൊണ്ട് നിര്‍ത്തിയതാണെന്ന് കാര്‍ ഡ്രൈവര്‍ അറിയിച്ചത്.
വാഹനത്തിന്റെ എല്ലാ രേഖകളും ഡ്രൈവറുടെ പക്കലുണ്ടായിരുന്നു. പൊലീസുകാര്‍ നമ്ബര്‍ ഓര്‍ത്തിരുന്നതിനാല്‍ കെ.എ.51എം- 1093 എന്ന കാര്‍ മാത്രമാണ് ഇപ്പോള്‍ പൊലീസിന്റെ ഏക തുമ്പ്. മോഷണം നടന്ന വീട്ടില്‍ എത്തിയ പൊലീസ് നായയും മണം പിടിച്ച് ഓടി എത്തിയത് ഈ കാര്‍ കിടന്ന സ്ഥലം വരെയാണ്. കര്‍ണാടക രജിസ്‌ട്രേഷനുളള കാറില്‍ എത്തിയത് തമിഴ്‌നാട്ടുകാരാണെന്ന സൂചന മാത്രമാണ് പൊലീസിന് ഇതുവരെ ലഭിച്ചത്.