
കക്കാൻ കയറിയ വീട്ടിൽ കള്ളും കുടിച്ചു ബിരിയാണിയും കഴിച്ച് മയക്കം; കണ്ണ് തുറന്നപ്പോൾ പോലീസ് സ്റ്റേഷനിൽ; ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്ന് കള്ളൻ്റെ രസകരമായ മൊഴി; സംഭവം ഇങ്ങനെ
സ്വന്തം ലേഖകൻ
ചെന്നൈ: മോഷണം നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ കൈയോടെ പിടികൂടി പോലീസ്.രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്.
ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വീട്ടിലാണ് കവര്‍ച്ച നടത്തിയത്. മദ്യപിച്ചെത്തിയ സ്വാതിതിരുനാഥന്‍ മേല്‍ക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയില്‍ കൂട്ടിയിട്ടു. ഇതിനിടയില്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങിപ്പോവുകയായിരുന്നു ഇയാള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ ഓടുകള്‍ ഇളക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം വീട്ടുടമസ്ഥനായ വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശന്‍ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.
അറസ്റ്റു ചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്നുമായിരുന്നു സ്വാതിതിരുനാഥൻ്റെ രസകരമായ മൊഴി.