തട്ടുകടവാടകയെച്ചൊല്ലി കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പല തവണ കത്തി വലിച്ചൂരി കുത്തിയെന്ന് പ്രതി റിയാസ്; കൊലക്കേസിൽ റിയാസ് പ്രതിയായത് കല്യാണം ഉറപ്പിച്ച ശേഷം; കുത്തിയ കത്തി കണ്ടെത്താനായില്ല
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ബേക്കറി അനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ജയിലിൽ പോകുന്നത് വിവാഹം ഉറപ്പിച്ച ശേഷം. കോട്ടയം നഗരപരിധിയി താമസിക്കുന്ന പെൺകുട്ടിയുമായി റിയാസിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷമാണ് റിയാസ് കൊലക്കേസിൽപ്പെട്ടതും ജയിലിലായതും. നാട്ടകം മറിയപ്പള്ളി പു്ഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാറി (ബേക്കറി അനി -44)നെ കൊലപ്പെടുത്തിയ കേസിലാണ് നീലിമംഗലം ചിറയിൽ ഹൗസിൽ സുലൈമാന്റെ മകൻ റിയാസി് (26) നെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്.
നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപത്തെ പെട്ടിക്കടയുടെ നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോർട്ട്. നഗരമധ്യത്തിൽ പെട്ടിക്കട നടത്തുന്നതിന് അഞ്ഞൂറ് രൂപയാണ് റിയാസ് അനിയ്ക്ക് വാടകയായി നൽകിയിരുന്നത്. മൂന്നു ദിവസം ഈ വാടക നൽകാൻ റിയാസ് കുടിശിക വരുത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഇത് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയുമായിരുന്നു.
റിയാസിനെ ഭീഷണിപ്പെടുത്താൻ അനി ആദ്യം കത്തി വീശുകയായിരുന്നു. ഈ വീശിയ കത്തി റിയാസിന്റെ ചങ്കിൽ തറച്ച് മുറിവേറ്റു. പിന്നീട്, ഈ കത്തി ഊരിയെടുത്ത റിയാസ് തിരികെ അനിയെ കുത്തി വീഴ്ത്തി. അഞ്ച് തവണയാണ് റിയാസ് അനിയുടെ വയറ്റിൽ കത്തി കുത്തിയിറക്കിയത്. ആഴത്തിലേറിയ കുത്തേറ്റ് അനി റോഡിൽ പിടഞ്ഞ് വീണാണ് മരിച്ചത്. ഇവിടെ നിന്ന് രക്ഷപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെ കത്തി വഴിയരികിൽ വലിച്ചെറിഞ്ഞു കളഞ്ഞതായാണ് റിയാസ് പൊലീസിനു മൊഴി നൽകിയത്.
പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിയാസിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ വിവരങ്ങൾ നൽകാൻ പ്രതി ഇതുവരെയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് സംഘം തയ്യാറെടുക്കുന്നത്. ഇതിലൂടെ കത്തി എവിടെയന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group