ഇടുക്കി തുറന്നു; സന്ദർശകർക്ക് ഡാമും വൈശാലി ഗുഹയും കണ്ട് ആസ്വദിക്കാം: മെയ് 31 വരെ തുറന്ന് നൽകും

ഇടുക്കി തുറന്നു; സന്ദർശകർക്ക് ഡാമും വൈശാലി ഗുഹയും കണ്ട് ആസ്വദിക്കാം: മെയ് 31 വരെ തുറന്ന് നൽകും

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കും കുടുംബങ്ങൾക്കും മുന്നിൽ ഇടുക്കി ഡാമിന്റെ വാതിൽ തുറന്നിടുന്നു. ചെറുതോണി ഡാമും, ഏഷ്യയിലെ ഏറ്റവും വലുതുമായ ഇടുക്കി ആർച്ച് ഡാമും മേയ് 31 വരെ സന്ദർശകർക്കായി തുറന്ന് നൽകാൻ തീരുമാനം. നേരത്തെ അവധി ദിവസങ്ങളിൽ മാത്രം തുറന്നിരുന്ന ഡാമാണ് ഇപ്പോൾ നാലു മാസത്തോളം തുടർച്ചയായി തുറന്നിടുന്നത്.
രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് ഡാം സന്ദർശകർക്കായി തുറന്നു നൽകുന്നത്. ഡാം സന്ദർശിക്കുന്നവർക്കായി ബഗ്ലി കാറുകളും, ടെമ്പോ ട്രാവലറും ക്രമീകരിച്ചിട്ടുണ്ട്. സന്ദർശകർക്കു വൈശാലി ഗുഹ സന്ദർശിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് നടത്തുന്നതിനുള്ള ക്രമീകരണവും അടുത്ത ദിവസങ്ങളിൽ തന്നെ ഒരുക്കുന്നതിനാണ് അധികൃതർ തയ്യാറെടുക്കുന്നത്.
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ നേതൃത്വത്തിലാണ് ഇടുക്കി ഡാമിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇടുക്കി ഡാമും കെഎച്ച്ടിസിയുടെ നേതൃത്വത്തിൽ ചെങ്കുളം, മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ എന്നിവിടങ്ങളിലെ എല്ലാ ബോട്ടിംഗ് സെന്ററുകളും എല്ലാ ദിവസവും സന്ദർശകർക്കു വേണ്ടി വാതിൽ തുറന്നിട്ടിട്ടുണ്ട്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പ്രവേശന ടിക്കറ്റിൽ 20 ശതമാനത്തിന്റെ ഇളവും അനുവദിച്ചിട്ടുണ്ട്.