റിമാൻഡ് പ്രതിയുടെ മരണം ; സി ഐ ഉൾപ്പടെ 8 പേരെ സ്ഥലം മാറ്റി
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി പീരുമേട് സബ്ജയിലിൽ പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സി ഐ ഉൾപ്പടെ 8 പേരെ സ്ഥലം മാറ്റി. അവസാന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് സിഐയെ ഉൾപ്പടെ 8 പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്.നെടുങ്കണ്ടം സി ഐയെ മുല്ലപ്പെരിയാർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ബാക്കി പൊലീസുകാരെ എ ആർ ക്യാമ്ബിലേക്കാണ് മാറ്റിയത്. നേരത്തെ ഡോക്ടർമാരുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത് രാജ് കുമാറിന്റെ മൃതദേഹത്തിൽ ചതവുണ്ടെന്നും ഇത് മർദ്ദനത്തെ തുടർന്നാണോ എന്ന് വ്യക്തമല്ലെന്നുമായിരുന്നു.നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്കുമാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി മരണപ്പെടുകയായിരുന്നു.രാജ്കുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയെ ജൂൺ 16-ന് കസ്റ്റഡിയിൽ എടുത്തെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാൽ രാജ്കുമാറിനെ തെളിവെടുപ്പിനായി ജൂൺ 12ന് എത്തിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.അവശനിലയിലായിരുന്ന രാജ്കുമാറിന് കൃത്യസമയത്ത് ചികിത്സ നൽകാത്തതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഈ ആരോപണം നിക്ഷേധിച്ചിരുന്നു. ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയതെന്നും ഇതിനിടെ പറ്റിയ പരിക്കുകളാണ് ശരീരത്തിലുള്ളതെന്നും ഇക്കാര്യം അറസ്റ്റ് രേഖകളിൽ പരാമർശിച്ചിട്ടുമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കു എന്ന് പൊലീസ് പറഞ്ഞു.