അരിയും പലചരക്കും ആവശ്യത്തിലധികം വാങ്ങി വയ്ക്കുന്നു: ചിക്കനും ബീഫും മദ്യവും വാങ്ങാൻ തിരക്കേറെ; തേർഡ് ഐ വാർത്തയെ തുടർന്നു നാഗമ്പടം റിയലൻസിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടൽ; അനാവശ്യ പരിഭ്രാന്തിയിൽ നഗരത്തിൽ തിരക്ക് വർദ്ധിപ്പിച്ച് ജനങ്ങൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ഭീതിയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ച് നാട്ടുകാർ സാധനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ കോട്ടയം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ വൻ തിരക്ക്. നഗരത്തിലെ സൂപ്പർ മാർക്കറ്റുകളിലും പലചരക്കുകടകളിലുമെത്തിയ ആളുകൾ ചാക്ക് കണക്കിന് സാധനങ്ങൾ ഒന്നിച്ച് വാങ്ങിക്കൂട്ടുകയായിരുന്നു. കടകൾക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ കടയ്ക്കുള്ളിലേയ്ക്കിറങ്ങിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കായി. രാവിലെ മുതൽ തന്നെ നഗരത്തിലെ സ്ഥാപനങ്ങൾക്കു മുന്നിൽ വൻ തിരക്കായിരുന്നു.
പച്ചക്കറിക്കടകൾക്കു മുന്നിലും, അരിക്കടകളിലും, പലചരക്ക് കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ അവസരം മുതലെടുത്ത ചിലർ അരിയ്ക്കും പച്ചക്കറിയ്ക്കും പലവ്യജ്ഞനങ്ങൾക്കും വായിൽ തോന്നിയ വില പറയുകയും ചെയ്തു. ഇതോടെ വൻ കൊള്ളയാണ് ശനിയാഴ്ച കോട്ടയം നഗരത്തിലെ മാർക്കറ്റുകളിൽ നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിക്കുകയും, വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ കൂട്ടത്തോടെ പരിഭ്രാന്തിയിലായത്. നിയന്ത്രണങ്ങൾ ഒരാഴ്ച വരെ നീണ്ടുപോകുമെന്ന ഭീതിയിലാണ് പലരും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തിരക്ക് കൂട്ടി രംഗത്ത് എത്തിയത്.
ബിവറേജസ് ഷോപ്പുകളിലും, ചിക്കൻ , ബീഫ് കടകളിലുമാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച എം.സി റോഡിൽ ഗതാഗതക്കുരുക്കിനു വരെ കാരണമായ നാഗമ്പടത്തെ റിലയൻസ് ഷോറൂമിൽ തേർഡ് ഐ വാർത്തയെ തുടർന്നു പൊലീസ് ഇന്നലെ ഇടപെട്ടു. തുടർന്നു സ്ഥാപനത്തിൽ എത്തുന്നവരെ നിയന്ത്രിച്ച പൊലീസ്, വാഹനങ്ങൾ കൃത്യമായി നിയന്ത്രിച്ചാണ് കടത്തി വിട്ടത്.