തിരുനക്കര ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഫോണുമായി ലോക്കഴിക്കാൻ എത്തിയ മോഷ്ടാവ് ലോക്കപ്പിലായി: കള്ളനെ കുടുക്കിയത് മൊബൈൽ സംഘടനാ നേതാക്കൾ
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ലോക്കഴിക്കാൻ എത്തിയ മോഷ്ടാവ് ലോക്കപ്പിലായി. മൊബൈൽ & റീചാർജിങ് റീട്ടെയ്ലർസ്അസോസിയേഷൻ നേതാക്കൾ നടത്തിയ നിർണ്ണായക നീക്കമാണ് മോഷ്ടാവിനെ കുടുക്കിയത്.
കഴിഞ്ഞ ദിവസം തിരുനക്കര ക്ഷേത്രത്തിലെ ഓഫീസിൽ നിന്നും മൊബൈൽ ഫോൺ കളവ് പോയിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ , മോഷണം പോയ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പൊലീസ് സംഘം മൊബൈൽ & റീചാർജിങ് റീട്ടെയ്ലർസ്അസോസിയേഷൻ സംഘടനാ നേതാക്കളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ വ്യാഴാഴ്ച ഇതേ ഫോണുമായി കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലെ ബദ്രിയ മൊബൈൽ ഷോപ്പിൽ പ്രതി എത്തി. ഫോണിന്റെ ലോക്ക് അഴിച്ചു നൽകാമോ എന്ന് ആവശ്യപ്പെട്ടാണ് പ്രതി മൊബൈൽ ഫോൺ ഷോപ്പിൽ എത്തിയത്.
യുവാവിന്റെ കയ്യിലിരുന്ന മൊബൈൽ ഫോണിന്റെ ഐ.എം.ഇഐ നമ്പർ ശ്രദ്ധയിൽ പെട്ട ഷോപ് ഉടമയും മൊബൈൽ & റീചാർജിങ് റീട്ടെയ്ലർസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമായ ഹാഷിം സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഐ എം ഇ ഐ നമ്പരുയുമായി ഒത്തുനോക്കി.
മോഷണം പോയ ഫോൺ തന്നെയാണ് പ്രതി കൊണ്ടുവന്നതെന്ന് മനസ്സിലായ ഹാഷിം തന്ത്രപൂർവം ഇയാളെ കടയിൽ നിർത്തി. തുടർന്ന് മൊബൈൽ സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് വരദരാജനെയും കമ്മറ്റി അംഗം റാഫി യെയും വിളിച്ചു വരുത്തി. അവരോടൊപ്പം വിവരം അറിഞ്ഞെത്തിയ സംഘടനാ പ്രവർത്തകർ ഇയാളെ തടഞ്ഞു വയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു.
ഫോൺ കാണാതെ പോയപ്പോൾ തന്നെ അതിന്റെ ഐ എം ഇ ഐ നമ്പർ അടക്കമുള്ള വിവരങ്ങൾ സംഘടനയുടെ എല്ലാ ഗ്രൂപ്പുകളിലും പോസ്റ്റ് ചയ്ത വരദരാജനെയും ഹാഷിം ,റാഫി എന്നിവരെയും മൊബൈൽ സംഘടനാ സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജുവും സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു ജില്ലാ പ്രസിഡന്റ് നൗഷാദ് പനചിമുട്ടിൽ എന്നിവർ അഭിനന്ദിച്ചു.