play-sharp-fill
അമിത ലൈംഗികാസക്തിയുള്ള കൊലപാതകി ; നാട്ടിലെ എല്ലാ സ്ത്രീകളോടും സംസാരിച്ചു ; കുറ്റവാളിയില്‍ പാപബോധം ഉണ്ടാക്കുന്ന ശൈലിയിൽ ചോദ്യം ചെയ്തു ; ഒടുവിൽ കൊലക്കേസിന്റെ ചുരുളഴിഞ്ഞു ; കേസ് ഡയറി തുറന്ന് ക്രൈംബ്രാഞ്ച് എസ്.പി.യായി വിരമിച്ച പി.പി. സദാനന്ദൻ

അമിത ലൈംഗികാസക്തിയുള്ള കൊലപാതകി ; നാട്ടിലെ എല്ലാ സ്ത്രീകളോടും സംസാരിച്ചു ; കുറ്റവാളിയില്‍ പാപബോധം ഉണ്ടാക്കുന്ന ശൈലിയിൽ ചോദ്യം ചെയ്തു ; ഒടുവിൽ കൊലക്കേസിന്റെ ചുരുളഴിഞ്ഞു ; കേസ് ഡയറി തുറന്ന് ക്രൈംബ്രാഞ്ച് എസ്.പി.യായി വിരമിച്ച പി.പി. സദാനന്ദൻ

സ്വന്തം ലേഖകൻ

ക്രൈംബ്രാഞ്ച് എസ്.പി.യായി കഴിഞ്ഞ മാസം കേരളാ പോലീസില്‍നിന്നു വിരമിച്ച പി.പി. സദാനന്ദന്റെ ജീവിതം കുറ്റാന്വേഷണത്തിലൂടെയുള്ള ഉദ്വേഗജനകമായ യാത്രയാണ്.


കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും മനശ്ശാസ്ത്രം പഠിച്ച്‌ അതിസാഹസികമായി സദാനന്ദൻ തെളിയിച്ച കേസുകള്‍ ഒട്ടേറെ. രണ്ടായിരത്തോളം കേസുകളില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ അദ്ദേഹം നിർണായക പങ്കുവഹിച്ചു. വിരമിച്ചതിനുശേഷം തന്റെ കേസ് ഡയറി തുറക്കുകയാണ് അദ്ദേഹം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2007 ഒക്ടോബറില്‍ കണ്ണൂർ പഴയങ്ങാടിയിലെ ഒരു വീട്ടമ്മയെ കാണാതായെന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കിട്ടി. റേഷൻകടയില്‍ അരിവാങ്ങാൻ പോയതാണ്. പിന്നെ കാണാനില്ല. തളിപ്പറമ്ബ് സർക്കിള്‍ ഇൻസ്പെക്ടർ സ്ഥലത്തെത്തി. അവർ പോയിരിക്കാൻ സാധ്യതയുള്ള വഴിയിലൂടെ നടന്നപ്പോള്‍ വിജനമായ പ്രദേശത്ത് റോഡരികില്‍ കുറച്ച്‌ അരി ചിതറിക്കിടക്കുന്നുണ്ട്. പരിശോധിച്ചപ്പോള്‍ അമ്ബത് മീറ്റർ മാറി കുറ്റിക്കാട്ടില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു.

ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തം. പ്രതിയെ കണ്ടെത്താനാവാതെ പോലീസ് വലഞ്ഞു. അമ്ബതുദിവസം പിന്നിട്ടു. ഒരു തുമ്ബും കിട്ടാത്തതില്‍ നാട്ടുകാർ ക്ഷുഭിതരായിരുന്നു. സി.ഐ.യും സംഘവും തലപുകഞ്ഞാലോചിച്ചു. ലൈംഗിക താത്പര്യത്തിന്റെ പുറത്താണ് കൊല. ഗ്രാമപ്രദേശമാണ്. പുറമേനിന്ന് ഒരാള്‍ അവിടെയെത്താൻ സാധ്യത കുറവാണ്. നാട്ടില്‍ത്തന്നെയുള്ള ആളാണ് കൊലയാളിയെന്ന നിഗമനത്തിലെത്തി.

അമിത ലൈംഗികാസക്തിയുള്ള ആളാണെങ്കില്‍ അയാള്‍ മുമ്ബും പല സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ടാവുമെന്ന് തോന്നി. അതു സ്ത്രീകള്‍ക്കുമാത്രമേ പറയാൻ കഴിയൂ. പക്ഷേ, ലൈംഗികചൂഷണം നേരിട്ട സ്ത്രീകള്‍ അത് പുറത്തു പറയുക അപൂർവമാണ്. അതുകൊണ്ട് നാട്ടിലെ എല്ലാ സ്ത്രീകളോടും സംസാരിച്ചുനോക്കാൻ തീരുമാനിച്ചു. ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിളിനെയും കൂട്ടി ഓരോ വീട്ടിലും ചെന്ന് സ്ത്രീകളോട് സംസാരിച്ചു. ആളുകള്‍ ഇതു തമാശയായിക്കാണാൻ തുടങ്ങി. പക്ഷേ, ആ പരിശ്രമം വിജയിച്ചു.

ഒരു പെണ്‍കുട്ടി വർഷങ്ങള്‍ക്കുമുമ്ബ് തനിക്ക് നേരിടേണ്ടിവന്ന അനുഭവം പങ്കുെവച്ചു: ഒരു ദിവസം കുട്ടി സ്കൂള്‍ വിട്ട് തനിച്ചു വരുകയാണ്. വഴിയരികിലെ മൈതാനത്ത് ഒരു പയ്യൻ ഒറ്റയ്ക്ക് ഫുട്ബോള്‍ കളിക്കുന്നു. പെണ്‍കുട്ടിയെ കണ്ടതും അവൻ പന്ത് നീട്ടിയടിച്ചു. പന്തെടുക്കാൻ എന്ന മട്ടില്‍ അരികില്‍ച്ചെന്ന് അവളുടെ മാറില്‍ പിടിച്ചു. ഭയന്നുപോയ കുട്ടി ഓടിരക്ഷപ്പെട്ടു. തന്റെ ഒരു കൂട്ടുകാരനോട് മാത്രമേ അവള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുള്ളൂ. പോലീസ് ആ സുഹൃത്തിനെക്കണ്ട് കാര്യങ്ങള്‍ ശരിയാണെന്നുറപ്പിച്ചു. പയ്യനെപ്പറ്റിയുള്ള വിവരങ്ങളും അവനില്‍നിന്ന് ശേഖരിച്ചു. എന്നാല്‍, എടുത്തുചാടി ഒന്നും ചെയ്തില്ല.

അന്വേഷണം മുന്നോട്ടുപോയി. ഒരുദിവസം മീൻവില്‍പ്പനക്കാരിയായ ഒരു സ്ത്രീ സമാന അനുഭവം വിവരിച്ചു. അതേ മൈതാനത്തിനരികില്‍വെച്ച്‌ ഒരു പയ്യൻ അവരെ കടന്നുപിടിച്ചിട്ടുണ്ട്. ”ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്ന് കാട്ടില്‍ തള്ളും.” എന്ന് അവൻ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മകന്റെ പ്രായമുള്ള പയ്യനല്ലേ എന്നു വിചാരിച്ച്‌ അവരത് പുറത്ത് പറഞ്ഞതുമില്ല. തുടരന്വേഷണത്തില്‍ എസ്.ടി.ഡി. ബൂത്തില്‍ ജോലിചെയ്യുന്ന ഒരു സ്ത്രീക്കും ഇതേ സ്ഥലത്തുവെച്ചുതന്നെ മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. മൂന്നു സംഭവങ്ങളിലെയും വില്ലൻ ഒരാള്‍ തന്നെ.

പയ്യനെ പിടികൂടി വിശദമായി ചോദ്യം ചെയ്തു. അവനെല്ലാം നിഷേധിച്ചു. ദേഹപരിശോധന നടത്തിയപ്പോള്‍ പഴ്സില്‍നിന്ന് ഒരു ഒ.പി. കാർഡ് കിട്ടി. വീട്ടമ്മ കൊല്ലപ്പെട്ട ദിവസം വൈകുന്നേരം ഇവൻ നാവിനടിയില്‍ പറ്റിയ പരിക്കിന് ഡോക്ടറെ കണ്ടിരുന്നു. ആശുപത്രിയിലെ കേസ്ഷീറ്റ് പരിശോധിച്ചപ്പോള്‍ മൂർച്ചയുള്ള എന്തോ കൊണ്ട് ഉണ്ടായ പരിക്കാണെന്ന് മനസ്സിലായി. വീണ്ടും വിശദമായി ചോദ്യം ചെയ്തു. ആറേഴു മണിക്കൂർ കഴിഞ്ഞപ്പോള്‍ അവൻ ഓരോന്നായി സമ്മതിക്കാൻ തുടങ്ങി. കുറ്റവാളിയില്‍ പാപബോധം ഉണ്ടാക്കുന്ന ശൈലിയാണ് ഇൻസ്പെക്ടർ പ്രയോഗിച്ചത്. ആ രീതി വിജയം കണ്ടു. സംഭവിച്ചതെല്ലാം അവൻ കൃത്യമായി പറഞ്ഞു. വീട്ടമ്മയുടെ കൂർത്ത നഖം കൊണ്ടാണ് നാവില്‍ മുറിവുണ്ടായത്. അതിക്രമത്തെ പ്രതിരോധിക്കാൻ ആ സ്ത്രീ ആവുംവിധം ശ്രമിച്ചിരുന്നു.

എല്ലാം ഉള്‍പ്പെടുത്തി കുറ്റപത്രം സമർപ്പിച്ചു. പക്ഷേ, കേസിന്റെ വിചാരണസമയത്ത് പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു. അഞ്ചു സ്ത്രീകളായിരുന്നു സാക്ഷികള്‍. പോലീസ് കണ്ടുപിടിച്ച മൂന്നു പേർക്കുപുറമേ അറസ്റ്റ് വാർത്ത പത്രത്തില്‍ക്കണ്ട് രണ്ട് സ്ത്രീകള്‍കൂടി സ്വമേധയാ എത്തിയതാണ്. അഞ്ച് സംഭവങ്ങളും അഞ്ച് വ്യത്യസ്ത കാലത്താണ് നടന്നത്. അത് വീട്ടമ്മയുടെ കൊലപാതകത്തിന് തെളിവാകില്ല. സാക്ഷികളായ സ്ത്രീകളെ വിസ്തരിക്കാനേ പറ്റില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതോടെ പ്രതിസന്ധിയിലായി. ആ സമയത്ത് സുപ്രീംകോടതിയുടെ ഒരു റൂളിങ് ഇൻസ്പെക്ടർ കണ്ടെത്തി.

‘പ്രതിയുടെ സ്വഭാവം വ്യക്തമാക്കാൻ പഴയകാല സംഭവം ഉപയോഗിക്കാം.’ എന്ന തരത്തിലുള്ളതായിരുന്നു ആ റൂളിങ്. വധക്കേസിലെ പ്രതി സ്ത്രീകളെ ഉപദ്രവിക്കാൻ തക്ക മാനസികാവസ്ഥയിലുള്ള ആളാണെന്ന് സമർഥിക്കാൻ പര്യാപ്തമായിരുന്നു അത്. തുടർന്ന്, കോടതി സാക്ഷികളായ അഞ്ചു സ്ത്രീകളെയും വിസ്തരിക്കാമെന്ന തീരുമാനത്തിലെത്തി. മൃതദേഹം സൂക്ഷ്മപരിശോധന നടത്തിയപ്പോള്‍ മടക്കിപ്പിടിച്ചിരുന്ന കൈവിരലുകള്‍ക്കിടയില്‍നിന്ന് കുറച്ച്‌ മുടിനാരുകള്‍ കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയില്‍ അത് പ്രതിയുടേതാണെന്ന് തെളിഞ്ഞു. അതോടെ കേസില്‍ പ്രതിയെ ശിക്ഷിച്ചു. അപ്പീല്‍ തള്ളി. പ്രതി ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ നേരിടുകയാണ്.

നിയമവൃത്തങ്ങളില്‍ ഏറെ ചർച്ചചെയ്യപ്പെട്ട കേസായിരുന്നു ആ വീട്ടമ്മയുടെ കൊലപാതകം. ഇതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ നാടകീയമായ രീതിയില്‍ അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുത്ത സർക്കിള്‍ ഇൻസ്പെക്ടർ കഴിഞ്ഞമാസം കേരളാ പോലീസില്‍നിന്ന് വിരമിച്ചു. സമർഥനായ കുറ്റാന്വേഷകൻ എന്നു തെളിയിച്ച പി.പി. സദാനന്ദൻ, കണ്ണൂർ-കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി.യായാണ് വിരമിച്ചത്. വീട്ടമ്മയുടെ കൊലപാതകം ഉള്‍പ്പെടെ ഏഴ് കൊലക്കേസുകളില്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷവാങ്ങിക്കൊടുത്ത കുറ്റാന്വേഷകനാണ് അദ്ദേഹം. അതിനു പുറമേ ഒട്ടേറെ വിവാദമായ കേസുകള്‍ തെളിയിച്ച പ്രത്യേക അന്വേഷണസംഘത്തില്‍ അംഗവുമായിരുന്നു.