
കൊച്ചി: വീരമൃത്യു വരിച്ച കീർത്തിചക്ര പുരസ്കാര ജേതാവ് ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബർ ആക്രമണം.
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർക്ക് നേരെയുള്ള ആക്രമണം.
തന്റെ ഭർത്താവിനുള്ള മരണാനന്തര ബഹുമതിയായ കീർത്തിചക്ര ഈയിടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളും ഉയരുന്നത്. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്കാരവും വസ്ത്രവും ഫോട്ടോ ആല്‍ബവും മറ്റു ഓർമകളും സ്മൃതി എടുത്തുകൊണ്ടുപോയതായി അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതോടെയാണ് ഇവർക്കെതിരെ സൈബർ ആക്രമണം വരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിലാണ് ആളുമാറി രേഷ്മക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഇതിനെതിരെ രേഷ്മ തന്നെ രംഗത്തുവന്നു. ‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈല്‍ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതില്‍നിന്നും ദയവായി വിട്ടുനില്‍ക്കണം’ -രേഷ്മ സെബാസ്റ്റ്യൻ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.
‘എന്തിനും ഒരു പരിധിയുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് അവർ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോള്‍ ഭാര്യ ഇൻസ്റ്റഗ്രാമില്‍ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രങ്ങളും ഐഡിയും ആണെന്ന് രേഷ്മ സെബാസ്റ്റ്യൻ പറയുന്നു.
വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. ഡല്‍ഹി സ്വദേശിക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും ഐടി ആക്ടിലെ വകുപ്പുകളും പ്രകാരം കേസെടുത്തിരിക്കുന്നത്.
വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. സമൂഹമാധ്യമത്തില്‍ സ്മൃതിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വിഷയത്തിലാണ് വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടത്.