മൂന്നാറിലെ കിരീടം വയ്ക്കാത്ത രാജാവ് രാജേന്ദ്രനെ വിറപ്പിച്ച് പെൺപുലി..! അവധി ഒഴിവാക്കി രാജേന്ദ്രന്റെ വീട്ടിലെത്തി ഞായറാഴ്ച കയ്യേറ്റം നേരിൽക്കണ്ടു: കണ്ടം തീറെഴുതിയും പാടമളന്നും കിട്ടിയതല്ല ഐഎഎസ് എന്ന് തെളിയിച്ച മിടുമിടുക്കി; ഒടുവിൽ രാജേന്ദ്രൻ മാപ്പ് പറഞ്ഞു; വടിയെടുത്ത് സിപിഎമ്മും
സ്വന്തം ലേഖകൻ
മൂന്നാർ: രാജേന്ദ്രനെന്ന കിരീടം വയ്ക്കാത്ത രാജാവിനെ താണുവണങ്ങാത്ത സബ് കളക്ടർമാർക്കെല്ലാം മൂന്നാറിൽ കഷ്ടകാലമാണ്. വി.എസിന്റെ പൂച്ചകളെ പോലും തട്ടിൻപുറത്തേയ്ക്ക് പറപ്പിച്ച രാജേന്ദ്രനെതിരെ പക്ഷേ, വാളോങ്ങി നിൽക്കുകയാണ് രേണുരാജ് എന്ന പെൺപുലി. അവധി റദ്ദാക്കി ഞായറാഴ്ച തന്നെ രാജേന്ദ്രൻ എംഎൽഎയുടെ സ്ഥലം കയ്യേറ്റം നേരിട്ടെത്തി സന്ദർശിച്ച രേണുരാജ് എന്ന ഐഎഎസ് റാങ്കുകാരി, കൃത്യമായ സന്ദേശം നൽകിക്കഴിഞ്ഞിരിക്കുന്നു. താൻ തുറന്ന പോരിന് തന്നെയാണ്. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയതിൽ എംഎൽഎ രാജേന്ദ്രൻ മാപ്പ് പറഞ്ഞതോടെ ആദ്യഘട്ട വിജയം സബ് കളക്ടർക്കൊപ്പം. അതിര് വിട്ട പെരുമാറ്റത്തിന് രാജേന്ദ്രൻ പാർട്ടിയുടെ ശാസനയും ഏറ്റുവാങ്ങിയിട്ടുണ്ട്.
എംഎൽഎയുടെ വീടിന് സമീപം മണ്ണിട്ട് മൂടിയതായി പരാതി ഉയർന്നതോടെയാണ് അവധി പോലും മാറ്റിവച്ച് സബ് കളക്ടർ നേരിട്ട് ഇവിടെ എത്തിയത്. മണ്ണിട്ട്് മൂടിയത് കണ്ടെത്തിയ ഇവർ ഇതേപ്പറ്റി സ്ഥലം വില്ലേജ് ഓഫിസറോട് വിശദീകരണവും തേടി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു എംഎൽഎയുടെ വീടിന് സമീപത്തെ സ്ഥലം മണ്ണിട്ട് മൂടിയത്. ഇതേപ്പറ്റി പരാതി ഉർന്നതോടെയാണ് രാവിലെ തന്നെ സബ് കളക്ടർ സ്ഥലത്ത് എത്തി പരിശോധന ആരംംഭിച്ചത്. എംഎൽഎയുടെ വീടിന് മുന്നിലും അതോടൊപ്പം തന്നെ എതിർ വശത്തും മണ്ണിട്ട് മൂടി എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. .
അതേ സമയം ഇപ്പോൾ മണ്ണിട്ട് മൂടിയ ഭൂമിയെ സംബന്ധിച്ച് കുറച്ചധികം വിവരങ്ങൾ തന്നെ ലഭിക്കേണ്ടതുണ്ട്. ഇത് ആരുടെ ഭൂമിയാണ്. എംഎൽഎയുടെ ഭൂമിയാണോ അല്ലെങ്കിൽ അയാൾക്ക് അറിവുള്ള ഭൂമിയാണോ അതോ പുറംമ്പോക്ക് ആണോ എന്ന കാര്യത്തിൽ ആണ് വ്യക്തത വരേണ്ടത്. ഇതിന് വേണ്ടിയാണ് അടിയന്തര റിപ്പോർട്ട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലിലേയ്ക്ക് തിരിഞ്ഞതോടെയാണ് വിഷയം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്.
ഇതിനിടെ സബ് കളക്ടറെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന പരാതിയിൽ എംഎൽഎയ്‌ക്കെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിൽ എംഎൽഎ പെരുമാറിയെന്നാണ് പരാതി. രേണുരാജ് പഞ്ചായത്ത് കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് നിർമ്മാണം തുടങ്ങിയപ്പോഴാണ് വീണ്ടും ഇടപെട്ടത്. ഇതിനെതിരെയാണ് എംഎൽഎ ഇടപെട്ടത്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി രേണു രാജ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. മാത്രമല്ല, എംഎൽഎ ഫോണിൽ വിളിച്ച് പരുഷമായി സംസാരിച്ചു എന്നും ഉദ്യോഗസ്ഥ പരാതിപ്പെടുന്നു. ചീഫ് സെക്രട്ടറിക്കും കോടതിക്കും പരാതി നൽകുന്നതോടെ മൂന്നാർ ഓപ്പറേഷനുകൾ കൂടുതൽ വാർത്തകളിൽ നിറയുമെന്ന സ്ഥിതിയാണ് ഉള്ളത്.
നിലവിലെ സാഹചര്യത്തിൽ എസ് രാജേന്ദ്രനെ കാര്യമായി ആരും പിന്തുണക്കാൻ തയ്യാറായിട്ടില്ല. മന്ത്രി എംഎം മണി മാത്രമാണ് രാജേന്ദ്രനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. സംഭവം പിടിവിട്ടു പോകുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി പ്രശ്‌നം ഒതുക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. എംഎൽഎയുടെ നടപടി സിപിഎം പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ വ്യക്തമാക്കി. തെറ്റായ പെരുമാറ്റം പാർട്ടിക്ക് അംഗീകരിക്കാനാകില്ല. സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോയെന്ന കാര്യം പരിശോധിക്കുമെന്നും പിന്നാലെ എംഎൽഎയോട് വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം കയ്യേറ്റവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ലെന്ന് അദേഹം പറഞ്ഞു. അനധികൃത നിർമ്മാണത്തിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും പ്രതികരിച്ചു. എംഎൽഎയുടേത് പദവിക്ക് യോജിക്കാത്ത വാക്കുകളാണെന്നും അദേഹം കൂട്ടിച്ചേർത്തു. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎക്കെതിരേ ദേവികുളം സബ് കളക്ടർ പരാതി നൽകിയിട്ടുണ്ട്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽവിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സഹിതം വിശദമായ പരാതി നൽകാനും ഒരുങ്ങുന്നുണ്ട്.
സംഭവം വിവാദമാകുകയും, പാർട്ടിയും നേതാക്കളും കൈവിടുകയും ചെയ്തതോടെയാണ് എംഎൽഎ രാജേന്ദ്രൻ നിലപാട് മാറ്റിയത്. സബ് കളക്ടറോട് ഖേദം പ്രകടിപ്പിക്കുന്നതായി രാജേന്ദ്രൻ പ്രഖ്യാപിച്ചത്. ഇതിനിടെ രാജേന്ദ്രനോട് സിപിഎം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.