play-sharp-fill
കേരളത്തിൽ മാത്രം പലിശയ്ക്ക് നൽകിയിരിക്കുന്നത് 500 കോടി; ഒരു ദിവസം പലിശയായി ലഭിക്കുന്നത് അഞ്ചു കോടിയ്ക്ക് മുകളിൽ; പലിശമുടങ്ങിയാൽ പുലിയായി മാറും രാജ; ഇത് തമിഴ്‌നാട്ടിൽ നിന്നെത്തി കേരളം കീഴടക്കിയ വട്ടി രാജ്: രാജയെ തൊടാൻ മടിച്ച് കേരള പൊലീസും

കേരളത്തിൽ മാത്രം പലിശയ്ക്ക് നൽകിയിരിക്കുന്നത് 500 കോടി; ഒരു ദിവസം പലിശയായി ലഭിക്കുന്നത് അഞ്ചു കോടിയ്ക്ക് മുകളിൽ; പലിശമുടങ്ങിയാൽ പുലിയായി മാറും രാജ; ഇത് തമിഴ്‌നാട്ടിൽ നിന്നെത്തി കേരളം കീഴടക്കിയ വട്ടി രാജ്: രാജയെ തൊടാൻ മടിച്ച് കേരള പൊലീസും

ക്രൈം ഡെസ്‌ക്

കൊച്ചി: ക്രിമിനൽക്കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയായിട്ടും പുഷ്പം പോലെ കോടതിയിൽ നിന്നും ഇറങ്ങിപ്പോന്ന വട്ടിരാജയെ തൊടാനാവാതെ പൊലീസ്. പ്രതിദിനം അഞ്ചു കോടി രൂപയ്ക്ക് മുകളിൽ കേരളത്തിൽ നിന്നു മാത്രം പലിശയായി ഈടാക്കുന്ന വട്ടി രാജ എന്ന മഹാരാജ മഹാദേവന് കേസുകൾ നടത്തുന്നതിനു മാത്രം അഭിഭാഷകരുടെ പാനലും ഉണ്ട്. തമിഴ്‌നാട്ടിലെത്തി സാഹസികമായി മഹാരാജയെ പൊലീസ് പിടികൂടിയെങ്കിലും കോടതിയിൽ കോടികൾ വാരിയെറിഞ്ഞ് രാജ ജയിൽ മോചിതനായി പോയി.
ചില്ല പലിശയേറ് പരിപാടികൾ രാജയ്ക്കില്ല. അൻപത് ലക്ഷത്തിൽ കുറഞ്ഞ തുക ഇയാൾ പലിശയ്ക്ക് നൽകാറില്ല. വൻകിട ബിസിനസുകാർ അടക്കം കോടികളുടെ ഇടപാടിന് മഹാരാജനെയാണ് ആശ്രയിക്കുക. ഒരു ലക്ഷത്തിന് 15,000 എന്നാണ് ഇയാളുടെ പലശക്കണക്ക്. ബ്ലാങ്ക് ചെക്ക്, മുദ്രപത്രം എന്നിവ വാങ്ങിയാണ് പണം നൽകുക. അടവ് മുടങ്ങിയാൽ, പിന്നെ ആദ്യം മുന്നറിയിപ്പാവും. അടുത്ത ഘട്ടം ഭീഷണിയാണ്. മൂന്നാം ഘട്ടത്തിൽ തട്ടിക്കൊണ്ട് പോയി മറ്റേതെങ്കിലും കേന്ദ്രത്തിലെത്തിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കും. വീട് സ്വന്തമാക്കൽ, വാഹനം പിടിച്ചെടുക്കൽ ഇതെല്ലാം അവസാന ഘട്ടമാണ്. ഇതാണ് മഹാരാജന്റെ രീതി. വന് ഗുണ്ടാസംഘത്തിന്റെ കാവലിലായിരുന്നു മഹാരാജന്റെ വിരുഗംപാക്കത്തെ വീട്ടിലെ ജീവിതം. പലിശ നൽകാത്തവരെ മർദ്ദിച്ച് വസ്തുക്കൾ എഴുതി വാങ്ങുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.
വലിയ ബിസിനസുകാർ 25ഉും അമ്പതും കോടി വരെ ഇയാളിൽ നിന്ന് ഒറ്റയടിക്ക് പലിശയ്ക്ക് വാങ്ങാറുണ്ട്. അടിയന്തിരഘട്ടത്തിൽ സഹായിക്കും എന്നറിയാവുന്നതുകൊണ്ട് ആരും തന്നെ മഹാരാജനെതിരെ പരാതിയും നൽകിയിരുന്നില്ല. പോലീസിനോട് പരാതി പറയുന്നവർ പോലും പണം നൽകി ഇടപാട് സെറ്റിൽ ചെയ്യാനാണ് പലപ്പോഴും ശ്രമിക്കുന്നതെന്ന് പോലീസ് പറയുന്നു. അങ്ങനെയിരിക്കെയാണ് എറണാകുളം സ്വദേശി ഫിലിപ്പ് ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്യുന്നത്. കടം വാങ്ങിയ നാൽപ്പത് ലക്ഷം പലിശ സഹിതം തിരികെ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു ഫിലിപ്പിന്റെ പരാതി. പള്ളുരുത്തി സബ്ഇൻസ്പെക്ടർ അനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മഹൈരൈജനെ തിരക്കി ചെന്നൈയിലെത്തി. അറസ്റ്റ് ചെയ്തു. ഇയാളെ റോഡ് മാർഗം കൊച്ചിയിലെത്തിക്കാനായിരുന്നു ഉദ്ദേശം. എന്നാൽ പിന്നീട് സിനിമാ സ്‌റ്റൈൽ ഓപ്പറേഷനാണ് അവിടെ നടന്നത്. സേലം-കൊച്ചി ഹൈവേയിൽ കണിയൂർ ടോൾ പ്ലാസയ്ക്ക് സമീപം രാത്രി പതിനൊന്നരയോടെ മുപ്പതോളം പേരടങ്ങുന്ന സംഘം പോലീസ് വാഹനങ്ങൾ തടഞ്ഞ് പോലീസുകാരെ ഭീഷണിപ്പടുത്തി മഹാരാജനെ ബലമായി മോചിപ്പിച്ചുകൊണ്ടുപോയി. രണ്ട് കാറുകളിലായാണ് കേരള പോലീസ് സംഘം എത്തിയിരുന്നത്. 2018 ജൂലൈ 23നായിരുന്നു സംഭവം.
കൊച്ചിയിൽ ഇയാൾ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായി പോലീസിന് വിവരം ലഭിച്ചു. പള്ളുരുത്തിയിൽ കായലിന്റെ തീരത്തുള്ള റിസോർട്ട് ഇയാൾ ഒന്നര വർഷം മുമ്പ് വാങ്ങി. ആറിസോർട്ടിനോട് ചേർന്ന് രണ്ട് റിസോർട്ടുകൾ ഇയാൾ പാട്ടത്തിലെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പണമിപാടുകൾ നടത്തുന്നത് ഈ റിസോർട്ട് കേന്ദ്രീകരിച്ചാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
പലിശ ഇടപാടിനായി തുടക്കത്തിൽ 250 കോടി രൂപയാണ് വിനിയോഗിച്ചതെന്ന് മഹാരാജൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും പോലീസിന് വ്യക്തതയില്ല. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും മഹാരജന്റെ പണമിടപാട് സംബന്ധിച്ച അന്വേഷണം നടത്തി വരികയാണ്. കേരളത്തിൽ ഇയാൾ ലൈസൻസ്് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സജീവ് പറഞ്ഞു. തമിഴ്നാട്ടിൽ ലൈസൻസ് ഉണ്ടെന്ന് പറഞ്ഞു എങ്കിലും തങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇല്ല എന്നാണ് ബോധ്യപ്പെട്ടത്. ബാങ്കിൽ വലിയ തുക ലോൺ എടുക്കാൻ വരുന്നവരെ ഏജന്റുമാർ വഴി ട്രേസ് ചെയ്ത് പിടിച്ചാണ് പ്രധാനമായും ഇയാൾ ബിസിനസ് നടത്തുന്നത്. ഏജന്റുമാർ മുഖേനയോ അല്ലാതെയോ പണം ആവശ്യപ്പെടുന്നവരുടെ ജീവിത സാഹചര്യങ്ങൾ ഏജന്റിനെക്കൊണ്ട് അന്വേഷിപ്പിച്ചതിന് ശേഷം അടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുക എന്നതുമാണ് മഹാരാജന്റെ രീതി. ലൈസൻസും ഇല്ല, ഇയാൾക്കെതിരെ പരാതിയുമില്ല. പരാതി പറയാൻ ഭൂരിഭാഗം പേരും തയ്യാറല്ലാത്തതാണ് അയാൾക്ക് സൗകര്യമാവുന്നത്- ഡെപ്യൂട്ടി കമ്മീഷ്ണർ സജീവ് പറഞ്ഞു.