play-sharp-fill
രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു: സച്ചിൻ ബേബിയ്ക്കും വിഷ്ണു വിനോദിനും സെഞ്ച്വറി; കേരളത്തിന് ലീഡ്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ തോൽവി ഒഴിവാക്കാൻ കേരളം പൊരുതുന്നു: സച്ചിൻ ബേബിയ്ക്കും വിഷ്ണു വിനോദിനും സെഞ്ച്വറി; കേരളത്തിന് ലീഡ്

 സ്‌പോട്‌സ് ഡെസ്‌ക്
തിരുവനന്തപുരം: മിന്നുന്ന പ്രകടനങ്ങളോടെ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേരളം മധ്യപ്രദേശിനെതിരെ തോൽവി ഒഴിവാക്കാൻ പൊരുതുന്നു. കളി അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിന് നിലവിൽ 53 റണ്ണിന്റെ ലീഡുണ്ട്. 143 റണ്ണോടെ സച്ചിൻ ബേബി പുറത്തായെങ്കിലും, സെഞ്ച്വറി നേടിയ വിഷ്ണു വിനോദ് നിലവിൽ ക്രീസിലുണ്ട്. രണ്ടു പേരും ചേർന്ന് ഇരട്ടസെഞ്ച്വറി കൂട്ട് കെട്ട് പടുത്തുയർത്തിയ ശേഷമാണ് സച്ചിൻ പുറത്തായത്. 82 ഓവറിൽ കേരളം 318 റണ്ണെടുത്തിട്ടുണ്ട്. 211 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തിയാണ് സച്ചിൻ സെഞ്ച്വറി നേടിയത്. 164 പന്തിൽ നിന്ന് 113 റണ്ണോടെയാണ് വിഷ്ണു ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്. പന്ത്രണ്ട് ഫോറും ഒരു സിക്‌സും ഇതുവരെ വിഷ്ണുവിന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്.
ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകർച്ച നേരിട്ട കേരളത്തെ രക്ഷിച്ചത് ഇരുവരും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. എട്ട് റണ്ണിൽ നാല് വിക്കറ്റും, 80 റണ്ണിൽ അഞ്ചു വിക്കറ്റും നഷ്ടമായ കേരളത്തിന് നൂറ് റണ്ണെത്തിയപ്പോഴേയ്ക്കും ഇന്ത്യൻ താരം സ്ഞ്ജു സാംസണെയും നഷ്ടമായി. തുടർന്നാണ് സച്ചിനും വിഷ്ണുവും ക്രീസിൽ ഒത്തു ചേർന്നത്. ആദ്യ ഇന്നിംഗ്‌സിൽ കേരളം 63 റണ്ണിന് ഓൾ ഔട്ട് ആയിരുന്നു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 328 റണ്ണാണ് അടിച്ചു കൂട്ടിയത്.