
സ്വന്തം ലേഖിക
കൊച്ചി: നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാകാമെന്ന് നടി രമ്യ നമ്പീശന്‍.
പല സാഹചര്യങ്ങള്‍കൊണ്ടും മലയാളത്തില്‍ സിനിമയില്ലാത്ത അവസരമുണ്ടായിട്ടുണ്ടെന്നും രമ്യ പറഞ്ഞു.
ബി 32 മുതല്‍ 44 വരെ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“പല സാഹചര്യങ്ങള്‍ കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകാരണം 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകള്‍ എടുക്കുമ്പോള്‍ നമ്മുടെ മേഖലയ്ക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ട് നഷ്ടങ്ങളുണ്ടാവാം. അതിനെ വൈകാരികമായല്ല ഞാന്‍ കാണുന്നത്.
പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക. എന്‍റെ ജോലി ചെയ്യുക എന്ന് തന്നെയാണ് പ്രധാനം. വളരെ അഭിമാനത്തോടെ എന്‍റെയിടം വെട്ടിപ്പിടിക്കുക, കോപ്രംമൈസുകളില്ലാതെ, നിലപാടുകള്‍ വെച്ച്. അപ്പോള്‍ സുഖമായി ഉറങ്ങാന്‍ പറ്റും”- രമ്യ നമ്പീശന്‍ പറഞ്ഞു.
ചില കാര്യങ്ങള്‍ കൂട്ടായി ഉറക്കെ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നതെന്നും രമ്യ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് സംസാരിക്കുന്നത്. കാലക്രമേണ മാറ്റങ്ങള്‍ വരും. തുല്യ പരിഗണന ലഭിക്കുന്ന വിധത്തില്‍ ഇന്‍ഡസ്ട്രി മാറട്ടെ.
അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ചില ആളുകള്‍ ബലിയാടുകളായേക്കാം. തന്നെ സംബന്ധിച്ച് വേറൊരു ഇന്‍ഡസ്ട്രിയില്‍ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി. വെറുതെയിരിക്കാതെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു.
സിനിമ ഇപ്പോഴും ഹീറോയെ ചുറ്റിപ്പറ്റിയാണ്. ഇപ്പോള്‍ ന്യായമായ വേതനത്തെ കുറിച്ച് ചര്‍ച്ചകളെങ്കിലും നടക്കുന്നുണ്ടെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.