play-sharp-fill
കോട്ടയത്തിന്റെ സ്വന്തം സിനിമാ മേളയ്ക്ക് തിരശീല ഉയരുന്നു: അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക്  മാർച്ച് അഞ്ചിന് തുടക്കം; ഡെലിഗേറ്റ് പാസ് വിതരണം അനശ്വര തീയറ്ററിൽ ആരംഭിച്ചു

കോട്ടയത്തിന്റെ സ്വന്തം സിനിമാ മേളയ്ക്ക് തിരശീല ഉയരുന്നു: അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് മാർച്ച് അഞ്ചിന് തുടക്കം; ഡെലിഗേറ്റ് പാസ് വിതരണം അനശ്വര തീയറ്ററിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: അക്ഷരനഗരത്തിന്റെ സിനിമാ സ്വപ്‌നങ്ങൾക്ക് ചിറകു നൽകിയ കോട്ടയത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിന് മാർച്ച് അഞ്ചിന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിൽ വിദേശ രാജ്യങ്ങളിലേതടക്കം പതിനഞ്ചോളം സിനിമകൾ പ്രദർശിപ്പിക്കും. അഞ്ചു മുതൽ എട്ടുവരെ കോട്ടയം അനശ്വര തീയറ്ററിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക.
ഇത്തവണ കേരളത്തിന്റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ദ ഡാർക്ക് റൂം എന്ന ചിത്രമാണ് മേളയുടെ പ്രധാന ആകർഷണം. ഇറാൻ ചിത്രമായ ഡാർക്ക് റൂമിനെയാണ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ ചിത്രമായ ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബി എന്ന ചിത്രവും, മനോഹർ ആൻഡ് ഐ എന്ന ചിത്രവുമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മലയാളത്തിന്റെ പ്രതിനിധികളായി ഉടലാഴവും, അങ്ങ് ദൂരെ ഒരു ദേശത്ത്, കോട്ടയം, സുനേത്ര എന്നീ സിനിമകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി എത്തും. മലയാളം – ഇംഗ്ലീഷ് സംയുക്ത സിനിമയായ ഹ്യൂമൻ ഓഫ് സംവണ്ണും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ചലച്ചിത്ര മേളയുടെ ഭാഗമായി അഞ്ചു മുതൽ എട്ടുവരെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ഓപ്പൺ സ്‌ക്രീനിംഗ് നടക്കും. ലെനിൻ രാജേന്ദ്രൻ, മൃണാൾ സെൻ, അജയൻ എന്നിവരുടെ അനുസ്മരണങ്ങളും ഇവരുടെ ചിത്രങ്ങളുടെ പ്രദർശനവും ഈ ദിവസങ്ങളിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും.

പ്രായം പതിനെട്ടായോ
ആർക്കും ഡെലിഗേറ്റാകാം

പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ആർക്കും ചലച്ചിത്ര മേളയുടെ ഡെലിഗേറ്റാകാം. അനശ്വര തീയറ്ററിലെ ഫിലിം ഫെസ്റ്റിവൽ ഓഫിസിൽ എത്തി അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകിയാൽ ഉടൻ തന്നെ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് പാസ് ലഭിക്കും. ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ഡെലിഗേറ്റ് പാസ് വിതരണം കഴിഞ്ഞ ദിവസം സിനിമാ താരം ജയറാം ഉദ്ഘാടനം ചെയ്തു. രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറു വരെ അനശ്വര തീയറ്ററിലെ ഫെസ്റ്റിൽ ഓഫിസിൽ നിന്നും പാസ് വാങ്ങാം.