play-sharp-fill
രഞ്ജി ട്രോഫി: കേരളത്തിനെതിരെ തമിഴ്‌നാട് ശക്തമായ നിലയിൽ: സന്ദീപ് വാര്യർക്ക് മൂന്ന് വിക്കറ്റ്

രഞ്ജി ട്രോഫി: കേരളത്തിനെതിരെ തമിഴ്‌നാട് ശക്തമായ നിലയിൽ: സന്ദീപ് വാര്യർക്ക് മൂന്ന് വിക്കറ്റ്

സ്പോട്സ് ഡെസ്ക്

ചെന്നൈ: രഞ്ജി ട്രോഫി എലൈറ്റ് ഡിവിഷനിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കേരളത്തിനെതിരെ തമിഴ്നാട് ശക്തമായ നിലയിൽ. മത്സരത്തിന്റെ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അറ് വിക്കറ്റ് നഷ്ടത്തിൽ തമിഴ്‌നാട് 249 റണ്ണെടുത്തിട്ടുണ്ട്. 145 പന്തിൽ 82 റണ്ണുമായി എം ഷാരുഖാനും , 85 പന്തിൽ 25 റണ്ണുമായി എം.മുഹമ്മദുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ചെന്നൈയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അതിഥേയരായ തമിഴ്നാട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു റണ്ണിന് ഓപ്പണർ അഭിനവ് മുകുന്ദിനെ നഷ്ടമായ തമിഴ്നാടിനെ പ്രതിരോധത്തിലാക്കി , ടീം ടോട്ടൽ 19 ൽ എത്തിയപ്പോൾ മൂന്ന് റണ്ണെടുത്ത ബാബ അപരാജിത് പവലിയനിൽ മടങ്ങിയെത്തി. സ്കോർ ബോർഡിൽ നാല് റൺ കൂടി എത്തിയപ്പോഴേയ്ക്കും സഹ ഓപ്പണറായ കെ.എം ഗാന്ധി 19 റണ്ണുമായി മടങ്ങി. അപരാജിതിനെയും മുകുന്ദിനെയും സന്ദീപ് വാര്യർ മടക്കിയപ്പോൾ , ഗാന്ധിയുടെ വിക്കറ്റ് ബേസിൽ തമ്പിക്കായിരുന്നു. 31 റണ്ണിൽ എത്തിയപ്പോൾ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് നാല് റണ്ണുമായി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നു. എന്നാൽ എല്ലാം തല്ലിക്കെടുത്താൻ പര്യാപ്തമായ കൂട്ടുകെട്ടാണ് ക്യാപ്റ്റൻ ഇന്ദ്രജിത്തും , എൻ ജഗദീഷും ചേർത്ത് പടുത്തുയർത്തിയത്. 31 ൽ ഒത്തു ചേർന്ന ഇരുവരും അര സെഞ്ച്വറി കൂട്ട് കെട്ട് പടുത്തുയർത്തി. ടീം സ്കോർ 81 ൽ എത്തിയപ്പോൾ 21 റണ്ണെടുത്ത ജഗദീശനെ ജലജ് സക്സേന മടക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 87 റണ്ണെടുത്ത ക്യാപ്റ്റൻ ഇന്ദ്രജിത്തും, ഷാരൂഖ് ഖാനും ഒത്ത് ചേർന്നതോടെയാണ് തമിഴ്നാട് തകർച്ചയിൽ നിന്ന് കര കയറിയത്. സന്ദീപ് വാര്യർ ഇന്ദ്രജിത്തിനെ മടക്കിയതോടെയാണ് ഈ കൂട്ട് കെട്ട് പൊളിഞ്ഞത്. തുടർന്ന് എം മുഹമ്മദിനൊപ്പം ചേർന്ന് ഷാരൂഖാൻ ടീമിനെ മുന്നോട്ട് നയിക്കുകയാണ്. രണ്ടാം ദിവസം ഇരുവരിലുമാണ് തമിഴ്നാടിന്റെ പ്രതീക്ഷയത്രയും.