തിരുവനന്തപുരത്ത് റെഡ് അലർട്ട് പിൻവലിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴ ശമിച്ചതോടെ റെഡ് അലർട്ട് പിൻവലിച്ചു. വനത്തിനുള്ളിൽ മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇന്നലെ ഉച്ചവരെ മറ്റിടങ്ങളിലും മഴ മാറി നിന്നു. എന്നാൽ ഉച്ച കഴിഞ്ഞതോടെ വീണ്ടും മഴ ആരംഭിച്ചു. അതേസമയം നദീതീരങ്ങളിലേക്കും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ജലപ്രവാഹം കുറഞ്ഞതിനെ തുടർന്ന് നെയ്യാർഡാമിൻറെ നാല് ഷട്ടറുകൾ മൂന്ന് അടിയായി കുറച്ചു. ഇതോടെ ആറ്റിലെ ജലനിരപ്പും കുറഞ്ഞു. കനത്ത മഴയെ തുടർന്നാണ് 12 അടിയായി ഉയർത്തിയത്. അതും 27 വർഷത്തിനു ശേഷം. അതിനു ശേഷം ഷട്ടറുകൾ നാല് അടിയായി കുറച്ചു. ഇന്നലെ മൂന്ന് അടിയായി താഴ്ത്തിയിരുന്നു. കാട്ടാക്കട താലൂക്കിൽ 300 വീടുകൾ തകർന്നു. ഇതിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. അരുവിക്കര, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടർ താഴ്ത്തിയിട്ടില്ല. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരിൽ പലരും വീടുകളിലേയ്ക്ക് മടങ്ങിയെങ്കിലും വെള്ളപ്പൊക്ക മേഖലകളിലെ ഏഴായിരത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു.