കോട്ടയം: സംസ്ഥാനത്തൊട്ടാകെ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയും ജില്ലയിലും മഴക്കെടുതി രൂക്ഷമാകുകയാണ്. കൂട്ടിക്കലിലും പൂഞ്ഞാറിലും ഉരുൾപൊട്ടി. കൂട്ടിക്കൽ വില്ലേജിലെ ഇളംകാട് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇതേതുടർന്ന് കൂട്ടിക്കൽ ടൗണിൽ വെള്ളം കേറിയിട്ടുണ്ട്.
മുണ്ടക്കയത്തെ പാർക്കിങ് ഗ്രൗണ്ടിൽ വെള്ളം കയറി കാറുകൾ വെള്ളത്തിനടിയിലായി. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുറ്റം വരെ വെള്ളം കയറി.
പൂഞ്ഞാറിൽ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടം ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. ഇതേതുടർന്ന് പൂഞ്ഞാർ മേഖലയിൽ കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായി. തെക്കേക്കര പഞ്ചായത്ത് മെമ്പർ രജീഷ് ഷാജിയുടെ വീട് ഭാഗികമായി ഒലിച്ച് പോയി. മണിയംകുളം പള്ളിയുടെ മതിൽ ഇടിഞ്ഞ് വീണു. ആൾതാമസമില്ലാത്ത ഒരു വീട് പൂർണ്ണമായും ഒലിച്ച് പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയെ തുടർന്ന് മുണ്ടക്കയം-എരുമേലി ബൈപാസ് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്. റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. കൂട്ടിക്കൽ വില്ലേജിൽ വെള്ളമുയരുകയാണ്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാഞ്ഞിരപ്പളളി താലൂക്കിലടക്കം കൂടുതലിടങ്ങളിൽ ദുരിതസ്വാസ ക്യാമ്പ് തുടങ്ങാനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടം.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴയാണ്. ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളത്തിന്റെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ആലപ്പുഴയുടെ തീരദേശങ്ങളിലും കനത്ത മഴയാണ്. കക്കാട്ടാറിന്റെയും പമ്പയുടെ തീരത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.