പ്രളയം: സമസ്ത മേഖലകളും സ്തംഭനത്തിലേക്ക്; വരാനിരിക്കുന്നത് രൂക്ഷമായ പ്രതിസന്ധി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയാനന്തരം സംസ്ഥാനത്തെ സമസ്ത മേഖലകളും സ്തംഭനത്തിലേക്ക്. വരാനിരിക്കുന്നത് രൂക്ഷമായ പ്രതിസന്ധികൾ. 10,000 വീടുകളെങ്കിലും പൂർണമായും പുനർനിർമിക്കേണ്ടി വരുമെന്നാണ് അനൗദ്യോഗിക കണക്ക്. പതിനായിരക്കണക്കിന് വീടുകൾ അറ്റകുറ്റപ്പണി ചെയ്താൽ മാത്രമേ താമസയോഗ്യമാകൂ. എത്രയും വേഗത്തിൽ വീടുകൾ വാസയോഗ്യമാക്കുക എന്നതാണ് സർക്കാർ നയം.
ഇതിനായി കുറഞ്ഞത് 2500 കോടി രൂപയെങ്കിലും വിനിയോഗിക്കേണ്ടി വരും. നിർമാണസാമഗ്രികളുടെ വലിയ ആവശ്യമാണ് സംസ്ഥാനത്തുണ്ടാവുക. സിമന്റ്, പാറ, മണൽ തുടങ്ങിയവയുടെ വിലക്കയറ്റം നിർമാണമേഖലയെ ബാധിച്ചിരിക്കുന്നതിനിടയിലാണ് ഇത്. വൈദ്യുതോപകരണങ്ങൾ, പ്ലംബിങ് സാമഗ്രികൾ, ശൗചാലയ നിർമാണ വസ്തുക്കൾ, തറയോടുകൾ, പെയിന്റ് തുടങ്ങിയവയ്ക്കും വൻതോതിലാണ് ആവശ്യം വരുന്നത്. ഇവയെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. നിർമാണസാധനങ്ങളുടെ വിലക്കയറ്റമാണ് കേരളം നേരിടാൻ പോകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. പൂഴ്ത്തിവയ്പും കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റമുണ്ടാക്കലും ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. വെള്ളംകയറി ചെളിനിറഞ്ഞ വീടുകളിൽ താമസിക്കണമെങ്കിൽ ഒരുതവണയെങ്കിലും പെയിന്റ് ചെയ്യേണ്ടി വരും. കുടിവെള്ളവിതരണ സംവിധാനം, മാലിന്യനിർമാർജന സംവിധാനം തുടങ്ങിയവയും പൂർണമായും പുതിയരീതിയിൽ ചെയ്യേണ്ടിവരും. വിദഗ്ധ തൊഴിലാളികളുടെ അഭാവമാണ് നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. ഇപ്പോൾത്തന്നെ നിർമാണ മേഖലയിൽ മികച്ച തദ്ദേശ തൊഴിലാളികളെ കിട്ടാനില്ല. വിദഗ്ധരായ മറുനാടൻ തൊഴിലാളികൾക്ക് ദിവസവേതനം 750 മുതൽ 800 രൂപവരെയാണ്. പ്രളയം രൂക്ഷമായതോടെ നിർമാണ മേഖല പ്രതിസന്ധിയിലായി. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ ഏറിയ പങ്കും നാട്ടിലേക്ക് തിരികെ പോയി. ഇത് കടുത്ത തൊഴിലാളി ക്ഷാമത്തിന് ഇടവരുത്തും.