രാജ്യത്തെ പ്രതിസന്ധിയിൽ കൈത്താങ്ങായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: വായ്പ്പകൾക്കെല്ലാം 3 മാസത്തെ മൊറട്ടോറിയം : പലിശ നിരക്കുകൾ കുറയും

Spread the love

സ്വന്തം ലേഖകൻ

 

 

കോട്ടയം: റിസർവ് ബാങ്ക് നടത്തിയ പുതിയ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും വിശദമായി പരിശോധിക്കാം.
കൊമേർഷ്യൽ ബാങ്കുകളിൽ നിന്നെടുത്ത എല്ലാ വായ്പ്പകൾക്കും 3 മാസത്തെ മൊറൊട്ടോറിയം  ആർ.ബി.ഐ പ്രഖ്യാപിച്ചു.കൊമേർഷ്യൽ ബാങ്കുകൾ എന്നാൽ നമ്മുടെ എസ്.ബി.ഐ, കനറാ ബാങ്ക്, പി.എൻബി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് മുതലായവ. അതുകൂടാതെ ഗ്രാമീൺ ബാങ്കുകൾ, ഇസാഫ് പോലുള്ള സ്മാൾ ഫിനാൻസ് ബാങ്കുകൾ, കോ ഓപ്പറേറ്റീവ് ബാങ്കുകൾ, മുത്തൂറ്റ്, മണപ്പുറം മുതലായ

 

 

 

എൻ.ബി.എഫ്.സികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, ഡി.എച്ച്.എഫ്.എൽ പോലുള്ള ഹൗസിംങ് ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം എടുത്ത എല്ലാത്തരം വായ്പ്പകൾക്കും മൊറൊട്ടോറിയം ബാധകം ആണ്. ഭവന വായ്പ്പ, പേർസണൽ ലോൺ, ഗോൾഡ് ലോൺ, വാഹന ലോൺ, കാർഷിക ലോൺ, ബിസിനസ് ലോൺ എന്നിങ്ങനെ എല്ലാം ഇതിൽ വരും. പ്രേത്യേകം ശ്രദ്ധിക്കുക ക്രെഡിറ്റ് കാർഡുകളുടെ തിരിച്ചടവിന് മൊറൊട്ടോറിയം ഇല്ല എന്നാണ് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

മൊറൊട്ടോറിയം ലഭിക്കുക മാർച്ച് 1 ന് നിഷ്‌ക്രിയ ആസ്തിയായി (എൻ.പി.എ) കണക്കാക്കാത്ത വായ്പ്പകൾക്കാണ്. അതായത് വിജയ് മല്ല്യയെപോലുള്ളവർക്ക് മൊറൊട്ടോറിയം കിട്ടില്ല എന്ന്. വായ്പ്പയുടെ തിരിച്ചടവ് സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് കിടക്കുക ആണെങ്കിൽ ആ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ തിരിച്ചടവ് ദിവസം ഓട്ടോമാറ്റിക്കായി ലോൺ അക്കൗണ്ടിലേക്ക് പണം പോകും. നിങ്ങള്ക്ക് മൊറൊട്ടോറിയം വേണം എങ്കിൽ ഒന്നെങ്കിൽ ലോൺ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലെ പണം വേറെ ഏതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുക അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക.

 

മൊറൊട്ടോറിയം ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്. വായ്പ്പ തിരിച്ചടയ്ക്കാൻ കഴിവുള്ളവർ അടയ്ക്കുന്നത് തന്നെയാണ് നല്ലത്. മൊറൊട്ടോറിയം കൊണ്ടുള്ള നേട്ടം മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട എന്നുള്ളതാണ്. ഓവർഡ്രാഫ്ട് അക്കൗണ്ടുകൾക്ക് പലിശയും അടയ്ക്കേണ്ട.

 

സാധാരണ ഗതിയിൽ മൊറൊട്ടോറിയം പ്രഖ്യാപിച്ചാലും ബാങ്കുകൾ ചെയ്യുക ഒന്നെങ്കിൽ വായ്പ്പയുടെ കാലാവധി മൊറൊട്ടോറിയം കാലാവധിയുടെ അത്രയും കൂടി നീട്ടി നൽകും. അതായത് 3 വർഷത്തെ വായ്പ്പയാണ് ഉള്ളത് എങ്കിൽ മൊറൊട്ടോറിയം കാലത്തെ 3 മാസം കൂടി ചേർത്ത് തിരിച്ചടവ് കാലാവധി 3 വർഷവും 3 മാസവുമാക്കും.

അല്ലെങ്കിൽ മൊറൊട്ടോറിയം കാലാവധി കഴിയുമ്പോൾ മാസം അടയ്ക്കേണ്ട തിരിച്ചടവ് തുക മൊറൊട്ടോറിയം കാലത്തെ തിരിച്ചടവ് കൂടി ചേർത്ത് റീഷെഡ്യൂൾ ചെയ്യും. മുകളിൽ പറഞ്ഞ ഉദ്ദാഹരണം പ്രകാരം മൂന്നു വർഷത്തെ വായ്പ്പയുടെ തിരിച്ചടവ് കാലാവധി മാറില്ല, പകരം മാസം അടയ്ക്കേണ്ട തുകയിൽ വ്യത്യാസം വരും. മൊറൊട്ടോറിയം കാലത്തും ബാങ്കുകൾ വായ്പ്പയുടെ പലിശ ഈടാക്കും, ആ തുക അപ്പോൾ കൊടുക്കേണ്ട എന്നത് മാത്രമാണ് മൊറൊട്ടോറിയം കൊണ്ടുള്ള നേട്ടം.

 

 

ഇപ്പോഴത്തെ മൊറൊട്ടോറിയം പ്രാഖ്യാപനത്തിൽ ആർ.ബി.ഐ പ്രത്യേകം പറയുന്നുണ്ട് മാർച്ച് 1 മുതൽ മൂന്ന് മാസത്തേക്ക് തിരിച്ചടവ് ഇല്ലെങ്കിലും കിട്ടാക്കടം ആക്കരുത് എന്ന്. സിബിൽ പോലുള്ള ക്രെഡിറ്റ് റേറ്റ് ഏജൻസികളോടും ആർ.ബി.ഐ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് റേറ്റിംഗിൽ താഴെ പോകും എന്ന ഭീതിവേണ്ട.

 

മൊറൊട്ടോറിയം എല്ലാ വായ്പ്പകൾക്കും ഓട്ടോമാറ്റിക് ആയി ബാധകമാകുമോ അതോ ഇടപാടുകാർ അതിനുവേണ്ടി അപേക്ഷ നൽകണമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് പ്രഖ്യാപിച്ച മൊറൊട്ടോറിയം സമയത്ത് ഇടപാടുകാരോട് മൊറൊട്ടോറിയം വേണമോ എന്ന് ചോദിച്ചിരുന്നു. മറുപടി നല്കാതിരുന്നവർക്ക് മൊറൊട്ടോറിയം ബാധകമാകുക ആണ് ചെയ്തത്.

 

 

എന്തായാലും ആർ.ബി.ഐ യുടെ ഈ പ്രഖ്യാപനം ബാങ്കുകൾക്കും, കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്കും, വ്യാപാര സമൂഹത്തിനും, വ്യവസായികൾക്കും, ഇന്ത്യൻ സമ്പത് വ്യവസ്ഥക്ക് ആകെയും വലിയ ആശ്വാസം ആണ് ലഭിച്ചിരിക്കുന്നത്. ആർ.ബി.ഐ പലിശ നിരക്ക് കുത്തനെ കുറച്ചതോടെ ബാങ്കുകൾ ഈടാക്കുന്ന പലിശയിലും കാര്യമായ കുറവ് വരും.