play-sharp-fill
കോവിഡ്19 : സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു മുതൽ, ഉച്ചവരെ മുൻഗണന വിഭാഗത്തിന്, സമയക്രമം നിശ്ചയിച്ചു; കാർഡില്ലാത്തവർക്ക് സത്യവാങ്മൂലം എഴുതി നൽകിയാൽ മതിയെന്ന് മന്ത്രി

കോവിഡ്19 : സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു മുതൽ, ഉച്ചവരെ മുൻഗണന വിഭാഗത്തിന്, സമയക്രമം നിശ്ചയിച്ചു; കാർഡില്ലാത്തവർക്ക് സത്യവാങ്മൂലം എഴുതി നൽകിയാൽ മതിയെന്ന് മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണം


ഏപ്രിൽ ഒന്നു മുതൽ വിതരണം നടത്തും. ഇതിനായി അടുത്ത മൂന്ന് മാസത്തേയ്ക്കുളള ധാന്യശേഖരണത്തിനുളള നടപടികൾ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. അടുത്തമാസം മുൻഗണനേതര വിഭാഗത്തിന് 15 കിലോ ധാന്യം നൽകുന്നതിന് 50,000 മെട്രിക് ടൺ ധാന്യം സംഭരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പ്രകാരം മുൻഗണന വിഭാഗത്തിന് അധികമായി 10 കിലോ ധാന്യം വിതരണം ചെയ്യുന്നതിന് 2.31 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം വേണ്ടിവരുമെന്നും തിലോത്തമൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഏപ്രിൽ മാസം 20 ന് മുൻപ് അടുത്തമാസത്തേയ്ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവിതരണം പൂർത്തിയാക്കും. ഏപ്രിൽ 20 ന് ശേഷമുളള സമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ പ്രകാരമുളള ഭക്ഷ്യവിതരണത്തിനായി നീക്കിവെയ്ക്കുമെന്നും തിലോത്തമൻ പറഞ്ഞു. 15 കിലോ ഭക്ഷ്യധാന്യം ഉൾപ്പെടെയാണ് സമ്പൂർണമായി സൗജന്യമായി നൽകുന്നത്. ഏപ്രിൽ ഒന്നുമുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

റേഷൻ കടകളിൽ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഭക്ഷ്യവിതരണത്തിന് സമയക്രമം നിശ്ചയിച്ചു. അന്ത്യോദയ, അന്നയോജന ഉൾപ്പെടെ മുൻഗണന വിഭാഗക്കാർ രാവിലെ മുതൽ ഉച്ചവരെയുളള സമയത്ത് റേഷൻ കടയിൽ എത്തി ഭക്ഷ്യധാന്യം വാങ്ങണം. ഉച്ചകഴിഞ്ഞുളള സമയം മുൻഗണനേതര വിഭാഗത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്.

 

സംസ്ഥാന സർക്കാർ നിഷ്‌കർഷിക്കുന്ന മാനദണ്ഡം അനുസരിച്ച് റേഷൻ കടയുടമ പ്രവർത്തിക്കണം. റേഷൻ കടയിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് ഭക്ഷ്യവിതരണം നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

 

സംസ്ഥാനത്ത് ഒട്ടാകെ 87 ലക്ഷം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനുളള ഭക്ഷ്യകിറ്റുകളാണ് സർക്കാർ തയാറാക്കി വരുന്നത്. പഞ്ചസാര പോലുളള ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ പ്രയാസം നേരിടുന്നുണ്ട്. മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളിൽ നിന്നാണ് പഞ്ചസാര എത്തേണ്ടത്.

 

ലോക്ക്ഡൗൺ മൂലം അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവ എത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നാഫെഡിൽ നിന്ന് പയറുവർഗങ്ങളും പഞ്ചസാരയും സംഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റേഷൻ കാർഡില്ലാത്തവർക്ക് മുതിർന്ന അംഗം സത്യവാങ്മൂലം നൽകിയാൽ സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾ തുടരുകയാണ്. . പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.. ഭക്ഷണ വിതരണം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ വിതരണം നാളെ ആരംഭിക്കും. റേഷൻ കാർഡ് ഇല്ലാത്താവർക്കും റേഷൻകടകൾ വഴി ഭക്ഷ്യധാന്യം നൽകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ സേനയ്ക്ക് ഉടൻ രൂപംനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 20-40 വയസിനിടയിൽ പ്രായമുള്ളവർക്കു ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാം. ഇതിനോടകം നിരവധി പേരാണ് സന്നദ്ധ പ്രവർത്തനത്തിനായി ഓൺലൈൻ വഴി റജിസ്റ്റർ ചെയ്തത്.

 

പഞ്ചായത്തുകളിൽ 200 പേരുടെയും മുൻസിപ്പാലിറ്റികളിൽ 500 പേരുടെയും സേനയെ വിന്യസിക്കും. പ്രവർത്തകർക്കു തിരിച്ചറിയൽ കാർഡ് നൽകും. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കോവിഡ് 19 നെ ചെറുക്കാൻ കേന്ദ്ര സർക്കാരും സം്‌സഥാന സർക്കാരും ഒരു പോലെയാണ് പ്രവർത്തനങ്ങൾ കൊണ്ടു പോകുന്നത്.