play-sharp-fill
സൗജന്യ റേഷൻ വിതരണം: മറ്റുപാർട്ടിക്കാർക്ക് ഗോളടിക്കാൻ അവസരം നൽകരുത്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫോൺ ശബ്ദം പുറത്തു വിട്ടു കോൺഗ്രസ്

സൗജന്യ റേഷൻ വിതരണം: മറ്റുപാർട്ടിക്കാർക്ക് ഗോളടിക്കാൻ അവസരം നൽകരുത്; സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫോൺ ശബ്ദം പുറത്തു വിട്ടു കോൺഗ്രസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ മേടിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഇതിനായി സഹായ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനോടുനുബന്ധിച്ചാണ് സംസ്ഥാനത്ത് റേഷൻ കട വഴി സൗജന്യ അരി വിതരണം നടത്തുന്നത്.

 

 

എന്നാൽ ഈ സൗജന്യ റേഷൻ വിതരണം സിപിഎം പാർട്ടി പരിപാടിയാക്കി മാറ്റുന്നുവെന്നാണ് കോൺഗ്രസിന്റെ പുതിയ ആരോപണം. മറ്റുപാർട്ടിക്കാർക്ക് ഗോളടിക്കാൻ അവസരം നൽകരുതെന്ന് പറയുന്ന സിപിഎം പേരാമ്പ്ര ലോക്കൽ സെക്രട്ടറിയുടേതെന്ന ഫോൺ സന്ദേശമാണ് കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ് പുറത്തുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ റേഷൻകാർഡുകൾ സ്വരൂപിച്ച് റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ ഒന്നിച്ചുവാങ്ങി വീടുകളിൽ വിതരണം ചെയ്യുന്നു. ഇതൊരു പാർട്ടി പരിപാടിയായിട്ടാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അട്ടിമറി നടത്തിയിരിക്കുകയാണെന്നും ടി.സിദ്ദീഖ് ആരോപിക്കുന്നു.

 

സിപിഎം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറി പ്രമോദിന്റെ ഇതുസംബന്ധിച്ച ശബ്ദസന്ദേശം സിദ്ദീഖ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. ഇത് അട്ടിമറിക്കുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. റേഷൻ വിതരണത്തിന് നിലവിൽ എല്ലാപാർട്ടിക്കാരേയും ഉൾപ്പെടുത്തി ഒരു വളണ്ടിയർ സംവിധാനം ഉണ്ട്.

 

അതിനെ മാത്രം ഏൽപ്പിച്ച് കഴിഞ്ഞാൽ ചില പാർട്ടിക്കാർ വന്നു ഗോളടിക്കുമെന്നും അതുണ്ടാകാൻ പാടില്ലെന്നും പാർട്ടിക്ക് നേട്ടമുണ്ടാക്കണമെന്നും സിദ്ദീഖ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും റേഷൻ വിതരണത്തിൽ എല്ലാ സന്നദ്ധപ്രവർത്തകരേയും പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ട് ടി.സിദ്ദീഖ് മുഖ്യമന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസർക്കും പരാതി നൽകി.

 

റേഷൻ വിതരണത്തെചൊല്ലി മറ്റു രാഷ്ട്രീയപാർട്ടികൾക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്. വളണ്ടിയർമാരായി എത്തുന്നവർ പാർട്ടി അടയാളങ്ങളുള്ള ഡ്രസും മറ്റുംധരിച്ചാണ് എത്തുന്നതെന്നാണ് ആരോപണം. അതേ സമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ആരംഭിച്ചു.

 

 

രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം നടത്തുന്നത്. അതേസമയം റേഷൻ കടയിലെത്തി വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുന്നുണ്ട്.റേഷൻ വാങ്ങനെത്തുന്നവർ നിൽക്കുന്ന വരിയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ.

 

സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ.

 

നിശ്ചയിച്ച ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് എത്തി സാധനങ്ങൾ വാങ്ങാനാകും. നേരിട്ടെത്തി റേഷൻ വാങ്ങാനാകാത്തവർക്ക് സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിച്ച് നൽകണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ മാത്രമാകണം.