play-sharp-fill
സംസ്ഥാനത്ത് എലിപ്പനി പടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയിൽ മാത്രം എലിപ്പനി രോഗം സ്ഥിതീകരിച്ച 28 പേരിൽ മൂന്ന് പേർ മരിച്ചു. ഇതിനിടെ 64 പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൂടാതെ ശുചീകരണ ജോലികളിൽ ഏർപ്പെട്ട സന്നദ്ധപ്രവർത്തകർക്കും എലിപ്പനി പിടിപെട്ടിട്ടുണ്ട്. താൽക്കാലിക ആശുപത്രികൾ ക്രമീകരിച്ച് പ്രതിരോധനടപടികൾ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കോട്ടയത്ത് പാലായിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി പി.വി ജോർജ്ജാണ് എലിപ്പനി ബാധിച്ച് മരിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലകളിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ശുചീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർ വെള്ളത്തിൽ ഇറങ്ങുമ്പോൾ മുൻ കരുതലുകളെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ആരോഗ്യ പ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി പറഞ്ഞു. താൽക്കാലിക ആശുപത്രികൾ ക്രമീകരിച്ച് പ്രതിരോധനടപടികൾ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതേസമയം സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി രണ്ട് മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും കോഴിക്കോട് നടക്കും. സർക്കാർ ആശുപത്രികൾ വഴി എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.