പാലായിൽ 40 രൂപയ്ക്ക് ഊണ്..! ഒന്നര കിലോ ബിരിയാണി 120 രൂപ; കൊറോണക്കാലത്ത് നാട്ടുകാരുടെ ആരോഗ്യം വെല്ലുവിളിച്ച് റോഡരികിൽ ഭക്ഷണക്കച്ചവടം; സുരക്ഷിതത്വമില്ലാതെ ഭക്ഷണം വിറ്റിട്ടും നടപടിയെടുക്കാതെ ഭക്ഷ്യ സുരക്ഷാ – ആരോഗ്യ വകുപ്പുകൾ; വഴിയോരക്കച്ചവടക്കാരുടെ വെല്ലുവിളി നാട്ടുകാരുടെ വയറിനോട്
തേർഡ് ഐ ബ്യൂറോ
പാലാ: കൊറോണക്കാലത്ത് നാട്ടുകാരുടെ ആരോഗ്യം രക്ഷിക്കാൻ സർക്കാർ സംവിധാനം നെട്ടോട്ടമോടുമ്പോൾ നാട്ടുകാരുടെ വയറിനെ വെല്ലുവിളിച്ച് റോഡരികിലെ ഭക്ഷണക്കച്ചവടം. നാൽപ്പത് രൂപയ്ക്കു ഒരു പൊതിച്ചോറും, 120 രൂപയ്ക്കു ഒന്നര കിലോ ബിരിയാണിയും വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചാണ് ഇപ്പോൾ റോഡരികിലെ കച്ചവടക്കാർ വെല്ലുവിളി ഉയർത്തുന്നത്.
സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടക്കം നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എല്ലാം കർശനമായ നിയന്ത്രണങ്ങൾ നേരിടുമ്പോഴാണ് യാതൊരു വിധ നിയന്ത്രണങ്ങളും പരിശോധനകളുമില്ലാതെ റോഡരികിൽ ഭക്ഷണം വിൽക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ നഗരത്തിലെ റോഡരികിലാണ് മിനി വാനുകളിലും, ടെമ്പോ ട്രാവലറിലുമായി ഭക്ഷണം വിതരണം ചെയ്യുന്നതിനു ബോർഡു വച്ച് ഭക്ഷണം വിൽക്കാൻ സംഘം എത്തുന്നത്. നാൽപ്പതു രൂപയ്ക്കു വിൽക്കുന്ന ഊണിൽ മഞ്ഞനിറമാണ് പൂർണമായും. മഞ്ഞനിറത്തിലാണ് ഈ ചോറും കറികളും കാണപ്പെടുന്നത്. ബിരിയാണിയ്ക്കും കാര്യമായ ഗുണനിലവാരം ഒന്നും ഇല്ല. ഏറ്റവും വിലകുറഞ്ഞ അരിയാണ് ബിരിയാണിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ബിരിയാണിയ്ക്കും മഞ്ഞ നിറമാണ്. ചിക്കൻ കറിയ്ക്കു അതിരൂക്ഷമായ ചുവന്ന നിറവും അനുഭവപ്പെട്ടിട്ടുണ്ട്. നിറങ്ങൾ ചേർത്ത ഇറച്ചിയും കറിയുമാണ് ഇവർ വിതരണം ചെയ്യുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കൊവിഡിന്റെ ലോക്ക് ഡൗണിനെ തുടർന്നു മൂന്നു മാസത്തോളം അടച്ചിട്ടിരുന്ന ഹോട്ടലുകൾ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പാഴ്‌സൽ മാത്രമായിരുന്നു ഹോട്ടലിൽ നിന്നും നൽകിയിരുന്നത്. ഇതിനു ശേഷമാണ് അടുത്ത ദിവസങ്ങളിൽ മാത്രമാണ് സാമൂഹിക അകലം പാലിച്ച് ഭക്ഷണം വിതരണം ചെയ്യാൻ അനുവാദം നൽകിയിരുന്നത്. എന്നാൽ, ഈ നിയന്ത്രണങ്ങളെല്ലാം പാലിച്ച് ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിലുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെ റോഡരികിൽ വച്ച് ഭക്ഷണം വിൽക്കുന്നത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ അനധികമായി ഭക്ഷണ വിതരണം നടക്കുന്നുണ്ടെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ ആരോപിച്ചു. ജില്ലയിൽ ഇത്തരത്തിൽ നിരവധി സ്ഥലത്താണ് സാധാരണക്കാരുടെ ആരോഗ്യത്തെ പോലും വെല്ലുവിളിച്ച് ഭക്ഷണ വിതരണം നടക്കുന്നത്. കുറഞ്ഞ വിലയിൽ മോശം ഭക്ഷണമാണ് ഇപ്പോൾ ഇത്തരത്തിലുള്ള കച്ചവടക്കാർ വിൽക്കുന്നത്. ആരോഗ്യ വിഭാഗം അധികൃതരോ, ഭക്ഷ്യസുരക്ഷാ വിഭാഗമോ ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഹോട്ടൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.