പീഡനമെന്ന ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ഒഴിവാക്കാൻ നാടകം: റാന്നിയിലെ എസ്ഐയെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ എസ് ഐ മുങ്ങി. കേസിൽ അറസ്റ്റും തുടർ നടപടികളും ഒഴിവാക്കാൻ അച്ഛനെക്കൊണ്ട് എസ് ഐ പരാതി നൽകി വൻ നാടകം. ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസ് എടുക്കുകയും , സംഭവം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെ കഥയിൽ വൻ ട്വിസ്റ്റും. റാന്നി സ്റ്റേഷനിലെ എസ്.ഐയും കോട്ടയം കഞ്ഞിക്കുഴി സ്വദേശിയുമായ ജോർജ് കുര്യനെ കാണാനില്ലെന്ന പരാതിയുമായാണ് പിതാവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കഞ്ഞിക്കുഴി സ്വദേശിയായ എസ് ഐയും ഭാര്യയും തമ്മിൽ നേരത്തെ കുടുംബ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഈ കേസിൽ ഭാര്യ ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമ പ്രകാരം ഈസ്റ്റ് പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകി. ഈ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രശ്നം രൂക്ഷമായതോടെ എസ് ഐ യുടെ ഭാര്യ കാഞ്ഞിരപ്പള്ളിയിലെ ഇവരുടെ വീട്ടിലേയ്ക്ക് പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ എസ് ഐ യുടെ ഭാര്യയുടെ മൊഴിയെടുത്ത് പൊലീസ് കേസെടുത്തതോടെയാണ് നിയമം അറിയാവുന്ന എസ്ഐ വെട്ടിലായത്. കേസിൽ അറസ്റ്റ് ഉണ്ടായാൽ സസ്പെൻഷൻ അടക്കം നേരിടേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിലാണ് എസ് ഐ കഴിഞ്ഞ മാസം 30 ന് ഒളിവിൽ പോയത്. കേസിൽ ഒളിവിൽ പോയ ശേഷം ഇദേഹത്തെ കാണാനില്ലെന്ന് കാട്ടി അച്ഛനെ കൊണ്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിപ്പിച്ചു. എസ് ഐയെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാധ്യമങ്ങൾ വാർത്ത നൽകി ആഘോഷവും തുടങ്ങി.
എന്നാൽ , കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കോടതിയെ സമീപിച്ച് ഭാര്യ നൽകിയ പരാതിയിൽ ജാമ്യം എടുക്കാനാണ് എസ് ഐ യുടെ ശ്രമം. ഇതിലൂടെ കേസിൽ വകുപ്പ് തല നടപടികൾ ഒഴിവാക്കുകയും ചെയ്യാമെന്നും ഇദേഹം കണക്ക് കൂട്ടുന്നു.
ഇതിനിടെ , കാണാതായ റാന്നി പോലീസ് സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജ് തിരിച്ചെത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് എസ്ഐ തിരിച്ചെത്തിയത്. മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ്ഐയും കുടുംബവും പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസമായി കുരുവിളയെ കാണാനില്ലെന്ന് കാട്ടി ഇദ്ദേഹത്തിന്റെ അച്ഛന് ജോര്‍ജ് കുരുവിള പരാതി നല്‍കിയിരുന്നു.ഈ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് എസ്ഐ വീട്ടില്‍ തിരിച്ചെത്തിയത്.