video
play-sharp-fill
വാകത്താനത്തും പെൺകുട്ടിയെ ‘തട്ടിക്കൊണ്ടു’ പോകൽ: ഇരയായത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനഞ്ചുകാരി ബാഗുമായി എത്തിയ യുവാവിനെ കണ്ട് ഞെട്ടിവിറച്ച് നിലവിളിച്ചു; നാട്ടുകാർ പിടികൂടിയ യുവാവിന്റെ കഥ കേട്ട് പൊലീസും ഞെട്ടി..!

വാകത്താനത്തും പെൺകുട്ടിയെ ‘തട്ടിക്കൊണ്ടു’ പോകൽ: ഇരയായത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന പതിനഞ്ചുകാരി ബാഗുമായി എത്തിയ യുവാവിനെ കണ്ട് ഞെട്ടിവിറച്ച് നിലവിളിച്ചു; നാട്ടുകാർ പിടികൂടിയ യുവാവിന്റെ കഥ കേട്ട് പൊലീസും ഞെട്ടി..!

തേർഡ് ഐ ബ്യൂറോ

വാകത്താനം: പട്ടാപ്പകൽ വീടിന്റെ പടികടന്ന് കയ്യിൽ ബാഗുമായി എത്തിയ യുവാവിനെ കണ്ട് പതിനഞ്ചുകാരി നിലവിളിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഭയന്നു പോയ യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെ ഓടിയ നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടി പൊലീസിനു കൈമാറി. പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കണ്ടത് തലശേരിയിൽ നിന്നും ബാഗുമായി ജീവിക്കാൻ എത്തിയ ഒരു പാവം യുവാവിനെ. തിരുവാതുക്കലിനു പിന്നാലെ വാകത്താനത്തും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായതായി വാർത്ത പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി.
വ്യാഴാഴ്ച വൈകിട്ട് വാകത്താനം ഞാലിയാകുഴിയിലായിരുന്നു സംഭവം. ഞാലിയാകുഴിയിലെ ഒരു വീട്ടിൽ പതിനഞ്ചുകാരിയായ പെൺകുട്ടി തനിച്ചായിരുന്നു. ഈ സമയത്താണ് തലശേരി സ്വദേശിയായ യുവാവ് വീട്ടിൽ എത്തിയത്. ഇയാൾ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറി കോളിംഗ് ബെൽ അടിച്ചതും പെൺകുട്ടി വാതിൽ തുറന്ന് പുറത്തെത്തി. ബാഗുമായി നിൽക്കുന്ന യുവാവിനെ കണ്ട് പെൺകുട്ടി അലറി വിളിക്കുകയായിരുന്നു. ഇതോടെ ഭയന്ന് പോയ യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇതോടെ നാട്ടുകാരും പിന്നാലെ കൂടി. പിന്നാലെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് യുവാവിനെ തടഞ്ഞു വച്ചു. ഒന്നു രണ്ടു പേർ ചെറുതായി കൈവയ്ക്കുകയും ചെയ്തു. തുടർന്ന് വാകത്താനം പൊലീസിനെ വിളിച്ചു വരുത്തി യുവാവിനെ കൈമാറി.
യുവാവിനെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ നിജസ്തിതി വ്യക്തമായത്. തലശേരിയിൽ നിന്നും സാധനങ്ങൾ വിൽക്കുന്നതിനായാണ് യുവാവ് വാകത്താനത്ത് എത്തിയത്. സാധനങ്ങൾ വിൽക്കുന്നതിനായി പ്രദേശത്തെ വീടുകളിൽ ഇയാൾ എത്തിയിരുന്നു. ഇതേ തുടർന്നാണ് സംഭവം ഉണ്ടായ വീട്ടിലും പ്രതി എത്തിയത്. പെൺകുട്ടിയുടെയും, നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് തെറ്റിധാരണയാണ് ഉണ്ടായതെന്ന് മനസിലായത്.
എന്നാൽ, ഇതിനിടെ യുവാവിന്റെ ചിത്രം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തിരുവാതുക്കലിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായുള്ള ആരോപണത്തിനു പിന്നാലെയാണ് ഇപ്പോൾ വാകത്താനത്തും സംഭവം ഉണ്ടായിരിക്കുന്നത്.