പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: പീഡനക്കേസിന്റെ വിധി കേൾക്കാൻ കോടതിയിലേയ്ക്കു പോകുന്നതിനിടെ സ്വകാര്യ ബസിനുള്ളിലിരുന്നു ബോംബ് പൊട്ടിച്ച് ജീവനൊടുക്കാൻ പ്രതിയുടെ ശ്രമം. അരയിൽ കെട്ടിവച്ച തോട്ട പൊട്ടിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയി (62)യാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ ജോയിയെ ലിറ്റിൽ ലൂർദ് ആശുപത്രിയിലും, പിന്നീട് വിശദമായ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ന് കിടങ്ങൂരിലെ ബസ് ബേയിൽ വച്ചായിരുന്നു സംഭവം. കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതിയാണ് ജോയി. മെഡിക്കൽ സ്‌റ്റോറിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച ജോയിക്കെതിരെ പൊലീസ് പോക്‌സോ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിന്റെ വിധി കേൾക്കുന്നതിനായി ജോയി കോട്ടയം സെഷൻസ് കോടതിയിൽ കോടതിയിലേയ്ക്ക് വരികയായിരുന്നു. വിധിഎതിരാണെങ്കിൽ കോടതി വളപ്പിൽ വച്ച് ജീവനൊടുക്കുന്നതിനായി ജോയി അരയിൽ തോട്ടായും കെട്ടിവച്ചാണ് എത്തിയിരുന്നത്. എന്നാൽ, സ്വകാര്യ ബസിൽ മാറിടത്തു നിന്നും കയറിയ ജോയി കിടങ്ങൂർ ബസ് ബേയിൽ എത്തിയപ്പോൾ സമ്മർദത്തൈ തുടർന്ന് തോട്ടാ അരയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വൻ സ്‌ഫോടന ശബ്ദം കേട്ട് ബസ് ജീവനക്കാർ നോക്കിയപ്പോഴാണ് പുക കണ്ടത്. തുടർന്ന് ഉടൻ തന്നെ ഇവർ ജോയിയെ സമീപത്തെ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് കിടങ്ങൂർ പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പ്രതിയായ ജോയിയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പൊലീസ് കാവലിലാക്കി. സാരമായി വയറിന് പരിക്കേറ്റതായി കണ്ടതിനെ തുടർന്ന് ജോയിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കിടങ്ങൂർ പൊലീസ് കേസെടുത്തു.