റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ

റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ സജീവമാകും.
മാസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസം. ദാനധർമ്മങ്ങൾ വർധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുർആൻ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവായ ലൈലത്തുൽ ഖദറിന്റെ മാസം. ഇസ്ലാമിക ചരിത്രത്തിൽ വഴിത്തിരിവായ ബദർ യുദ്ധം നടന്ന മാസം. സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടയ്ക്കപ്പെടുകയും ചെയ്യുന്ന മാസം. ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് വിശുദ്ധ റമദാൻ മാസത്തിന്.
രാത്രിയിലെ പ്രത്യേക നിസ്‌കാരമായ തറാവീഹും ഇഫ്താറും അത്താഴവുമെല്ലാം ഈ മാസത്തിന്റെ പ്രത്യേകതകളാണ്. വിശുദ്ധ ഖുറാൻ പാരായണവും, ഇഫ്താർ സംഗമങ്ങളും, പള്ളികൾ കേന്ദ്രീകരിച്ചു മതപ്രഭാഷണങ്ങളും, പ്രാർത്ഥനാ സദസ്സുകളും ഈ മാസം വർധിക്കും. മക്കയിലും മദീനയിലും തീർഥാടകരുടെ തിരക്ക് കൂടും. റമദാനിൽ ഒരു ഉംറ നിർവഹിച്ചാൽ ഹജ്ജ് നിർവഹിച്ച പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.
റമദാൻറെ ആദ്യത്തെ പത്ത് ദിവസം അനുഗ്രഹത്തിൻറെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിന്റെതുമാണ്. ലൈലത്തുൽ ഖദർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെടുന്ന റമദാൻ അവസാനത്തെ പത്തിൽ പള്ളികളിൽ ഭജനമിരിക്കുന്ന വിശ്വാസികളുടെ എണ്ണം വർധിക്കും.