കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൊച്ചിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തിൽ എത്തും. ഉച്ചയ്ക്ക് 12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി ഒരു മണിക്ക് ഹെലികോപ്റ്ററിൽ പ്രളയബാധിത പ്രദേശങ്ങൾ വീക്ഷിക്കും. ചെറുതോണി, ഇടുക്കി ഡാം, തടിയമ്ബാട്, അടിമാലി, ആലുവ, പറവൂർ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിക്കും.വൈകീട്ട് നാലരയ്ക്ക് കൊച്ചി സിയാൽ ഓഫീസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇടുക്കി ഡാമിൽ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവിൽ 2399.6 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. എന്നാൽ ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടില്ല. ഇടമലയാർ അണക്കെട്ടിൽ നേരിയ തോതിൽ ജലനിരപ്പ് കുറഞ്ഞു. നിലവിൽ 168.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. എങ്കിലും രണ്ടു ഷട്ടറുകളിലൂടെ സെക്കൻഡിൽ 200 ഘനമീറ്റർ വെള്ളമാണ് ഇപ്പോഴും പുറത്തേക്ക് ഒഴുകുന്നത്.