
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ വ്യാജമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.
തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിന് 8000 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എണ്ണി പറയുകയും ചെയ്‌തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ആയതിനാല്‍ ജില്ലാ കളക്‌ടർ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ എന്നിവർക്കും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.ബെംഗളൂരുവില്‍ നിന്നുള്ള രഞ്ജിത് തോമസ് എന്നയാളാണ് ഇത് സംബന്ധിച്ച് ആദ്യമായി പരാതി ഉന്നയിച്ചത്.
അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റുകള്‍ ഉണ്ടെന്നും, അവിടെ അദ്ദേഹം തന്റെ ഓഹരികള്‍/ബോണ്ടുകള്‍/കടപ്പത്രങ്ങള്‍ എന്നിവയെ ബാധ്യതയായി കാണിക്കുകയും കൂടാതെ കേവലം 32 കോടിയാണ് ആസ്‌തി എന്ന് വരുത്തി തീർക്കാൻ കണക്കുകള്‍ കൃത്രിമം കാട്ടിയെന്നും കോണ്‍ഗ്രസ് ട്വീറ്റിലൂടെ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിലെ കോറമംഗല 3-ാം ബ്ലോക്കിലെല്‍ സ്ഥിതി ചെയ്യുന്ന 408, 445 നമ്ബറുകളുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്‌തുക്കളെ കുറിച്ച് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പരാമര്ശിച്ചിട്ടില്ലെന്നും എന്നാല്‍ തൻ്റെ താമസ സ്ഥലത്തിന്റെ വിലാസമായി ഈ വസ്‌തുവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
49000 ചതുരശ്ര അടി വിസ്‌തർണമുള്ള മന്ദിരം രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം പേരിലാണെന്ന് വ്യക്തമായി കാണിക്കുന്ന 2017-18 കാലയളവിലെ നികുതി രസീതുകളും കോണ്‍ഗ്രസ് ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 51 അനുബന്ധ സ്ഥാപനങ്ങളുള്ള ജൂപ്പിറ്റർ ക്യാപിറ്റലിന്റെ നാല് ഹോള്‍ഡിംഗ് കമ്ബനികളെ കുറിച്ച് രാജീവ് ചന്ദ്രശേഖർ തന്നെ വ്യക്തമാക്കിയതാണ്.
എന്നാല്‍ അദ്ദേഹം ഇവയുടെ സംയോജിത മൂല്യം 6.38 കോടിയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്, അതേസമയം ഈ കമ്ബനികളുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഫയലിംഗുകള്‍ പ്രകാരം 1610.53 കോടിയാണ് മൂല്യം കാണിക്കുന്നതെന്നും വളരെ ഗുരുതരമായ ലംഘനമാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.