video
play-sharp-fill

അയൽക്കാരനെ വെട്ടാൻ ക്വട്ടേഷൻ; വീട്ടമ്മ അറസ്റ്റിൽ

അയൽക്കാരനെ വെട്ടാൻ ക്വട്ടേഷൻ; വീട്ടമ്മ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാൽ: അയൽവാസിയുടെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ആറ്റിങ്ങൽ നാവായിക്കുളം ശുപ്പാണ്ടി അനീഷ്(30), കുറുമ്പനാടം കരിങ്കണ്ടത്തിൽ സോജി(28), പെരുന്ന കുരിശുംമൂട്ടിൽ ജാക്‌സൺ(24), വാഴൂർ പുളിക്കൽകവല പൗവത്തുകാട്ടിൽ സനു പി.സജി(24), കൊല്ലം അയത്തിൽ വയലിൽ പുത്തൻവീട്ടിൽ റിയാദ്(37), ആറ്റിങ്ങൽ കോരാണി മുജീബ്(33) എന്നിവരെ രാജിയുടെ വീട്ടിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ഞായറാഴ്ച കറുകച്ചാൽ പോലീസ് പിടികൂടിയിരുന്നു. രാജിയും അയൽവാസിയായ രമേശൻ എന്നയാളുമായി കാലങ്ങളായി പണമിടപാട് സംബന്ധിച്ച് തർക്കവും, രമേശന്റെ നേതൃത്വത്തിൽ രാജിയുടെ കാൽ തല്ലിയൊടിച്ചതു സംബന്ധിച്ച് കേസും ഉണ്ടായിരുന്നു. രാജിയുടെ വീട്ടിലേക്ക് പുറത്തു നിന്ന് ഗുണ്ടാസംഘത്തിൽപ്പെട്ടവർ എത്തുന്നത് രമേശനടക്കം പലരും ചോദ്യംചെയ്തതിനെ തുടർന്ന് പ്രകോപിതയായ രാജി, 25000 രൂപ പ്രതിഫലത്തോടെ രമേശന്റെ കൈകാലുകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി. രമേശനെ ആക്രമിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ ക്വട്ടേഷൻ സംഘം കാർ വാടകയ്‌ക്കെടുത്ത് രാജിയുടെ വീട്ടിൽ എത്തിയപ്പോൾ, സംശയം തോന്നിയ നാട്ടുകാർ വീടുവളഞ്ഞശേഷം കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ ആറുപേരും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരെയും രാജിയെയും തിങ്കളാഴ്ച ചങ്ങനാശ്ശേരി കോടതി റിമാൻഡു ചെയ്തു.