ആളില്ലാതെ പൊലീസ് സ്റ്റേഷനുകൾ: അസ്വസ്ഥതയിൽ പൊലീസുകാർ; പൊലീസുകാർ നിരന്തരം അപമാനിക്കപ്പെടുന്നു; വേട്ടയാടുന്ന പൊലീസും വിധി പറയുന്ന മാധ്യമങ്ങളും ആക്രമിക്കപ്പെടുന്ന ജനവും

ആളില്ലാതെ പൊലീസ് സ്റ്റേഷനുകൾ: അസ്വസ്ഥതയിൽ പൊലീസുകാർ; പൊലീസുകാർ നിരന്തരം അപമാനിക്കപ്പെടുന്നു; വേട്ടയാടുന്ന പൊലീസും വിധി പറയുന്ന മാധ്യമങ്ങളും ആക്രമിക്കപ്പെടുന്ന ജനവും

Spread the love

ശ്രീകുമാർ

കോട്ടയം: കാക്കിയിട്ടതിന്റെ പേരിൽ മാധ്യമങ്ങളും പൊതുജനങ്ങളും ഒരു പോലെ വേട്ടയാടുന്നതിൽ കടുത്ത അസംതൃപ്തിയിൽ പൊലീസ്. മാധ്യമവിചാരണയ്‌ക്കൊപ്പം നിന്ന് സർക്കാരും പ്രതിപക്ഷവും ഒരേ പോലെ പൊലീസിനെ പിൻതുടർന്നു ആക്രമിക്കുന്നതോടെ പല പൊലീസ് ഉദ്യോഗസ്ഥരും സ്‌റ്റേഷനുകളിൽ നിന്നു ജനങ്ങളുമായി നേരിട്ട് സമ്പർക്കമില്ലാത്ത മറ്റു യൂണിറ്റുകളിലേയ്ക്കു സ്ഥലം മാറ്റം തേടിപോകുകയാണ്. അന്വേഷണത്തിലടക്കം മികവ് തെളിയിച്ച ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് കാര്യമായ ജോലിയില്ലാത്ത മറ്റ് സബ് യൂണിറ്റുകളിലേയ്ക്കു പോകാൻ തയ്യാറെടുക്കുന്നത്. ഇത് പൊലീസ് സേനയെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആരോപണം.
സർക്കാരിന്റെ ഒന്നാം വാർഷകത്തിനു ശേഷമാണ് പൊലീസിനെതിരെ അതിശക്തമായ ആക്രമണം മാധ്യമങ്ങളിൽ നിന്നും ഉണ്ടായത്. ഇതിന്റെ ഭാഗമായി ബലിയാടക്കപ്പെട്ടത് നിരവധി സാധാരണക്കാരായ പൊലീസുകാരാണ്. വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണ് വിവാദങ്ങൾ അതി രൂക്ഷമാക്കിയത്. ഇതോടെ ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ടൈഗർ ഫോഴ്‌സ് അംഗങ്ങൾ സസ്‌പെൻഷനിലായി. ഇവർക്കെല്ലാം എതിരെ കേസ് ചുമത്തിയ സർക്കാർ, അന്ന് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ പോലുമില്ലാതിരുന്ന എസ്.ഐയ്‌ക്കെതിരെ കേസെടുത്ത് ജയിലിൽ അടച്ചു. സി.ഐയ്‌ക്കെതിരെ കേസെടുക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഇതിനെല്ലാം നേതൃത്വം നൽകുകയും പ്രശ്‌നത്തിൽ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകുകയും ചെയ്ത ജില്ലാ പൊലീസ് മേധാവി എ.വി ജോർജിനെതിരെ യാതൊരു നടപടിയുമുണ്ടായതുമില്ല. ഇത് പൊലീസ് സേനയ്ക്കുള്ളിൽ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉന്നതർ സ്വാധീനം ഉപയോഗിച്ചു രക്ഷപെടുകയും സാദാ പൊലീസുകാർ വെട്ടിലാകുകയും ചെയ്യുന്ന സാഹചര്യമാണെന്നാണ് ആരോപണം.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കെവിൻ എന്ന യുവാവ് കൊല്ലപ്പെട്ട വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയെയും ഡിവൈഎസ്പിയെയും സ്ഥലം മാറ്റിയെങ്കിലും, എസ്.ഐയും എഎസ്‌ഐയും അടക്കം നിരവധി പൊലീസുകാർക്കെതിരെയാണ് കേസ് എടുത്തത്. കെവിൻ കേസിൽ മാത്രം രണ്ടു പൊലീസുകാർ റിമാൻഡിലാകുകയും, എസ്.ഐ അടക്കം രണ്ടു പേർ സസ്‌പെൻഷനിലാകുകയും നാലു പൊലീസുകാർ വകുപ്പ് തല അന്വേഷണം നേരിടുകയും ചെയ്യുന്നു. എസ്.ഐ അടക്കം രണ്ടു പേരെ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന സൂചനയാണ് സർക്കാർ ഇപ്പോൾ നൽകുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇതുവരെ രണ്ട് എസ്.ഐമാർ അടക്കം ആരു പൊലീസുകാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത രീതിയിലാണ് കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കേസിൽ കുടുങ്ങുന്നത്. ഇത് പൊലീസ് സേനയിൽ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഉന്നതർ സസ്‌പെൻഷനോ വകുപ്പ് തല നടപടിയോ മാത്രം നേടി രക്ഷപെടുമ്പോൾ എസ്.ഐമാരും സാദാ പൊലീസുകാരും കേസിൽ കുടുങ്ങുന്നതിനെ കടുത്ത ആശങ്കയിലാണ് പൊലീസുകാർ കാണുന്നത്. അതുകൊണ്ടു തന്നെ പല പൊലീസ് ഉദ്യോഗസ്ഥരും പല കാര്യങ്ങളും ഏറ്റെടുക്കാൻ വിമുഖത കാട്ടുകയാണ്. ഇത് പൊലീസ് സേനയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്നതായാണ് സ,ൂചന. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കാൻ പൊലീസുകാർ വിസമ്മതിക്കുന്നത് നീതി ന്യായ സംവിധാനത്തെ തുന്നെ തകർക്കാൻ പര്യാപ്തമാണെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംവിധാനമുള്ള കേരള പൊലീസ് തകർന്നാൽ ഇത് ബാധിക്കുക സാധാരണക്കാരെയായിരിക്കും.