
പാലായിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു ; അപകടമുണ്ടായത് സ്ലാബിൽ കയറി നിന്ന് മീറ്റർ പരിശോധിക്കുന്നതിനിടയിൽ ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി
സ്വന്തം ലേഖകൻ
കോട്ടയം : മീറ്റർ പരിശോധിക്കുന്നതിനിടയിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു.പാലാ കടയം ശാസ്താസദനം രാജേഷ് കുമാർ (37)ആണ് മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.
13 മീറ്റർ കിണറിന് മുകളിൽ കോൺക്രീറ്റ് ചെയ്താണ് പമ്പു ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തെ രണ്ട് അടിയോളം വീതിയുള്ള ആൾനൂഴിയുടെ സ്ലാബ് തകർന്നാണ് അപകടം സംഭവിച്ചത്.
ഈ സമയത്ത് രാജേഷിനൊപ്പം മറ്റാരും ഇല്ലാതിരുന്നതും അപകട വിവരം മറ്റാരും അറിയാതിരുന്നതുമാണ് അപകടത്തിന് കാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലികഴിഞ്ഞ് പോകുന്നതിന് മുൻപായി ഉപയോഗിച്ച വൈദ്യുതിയുടെ അളവ് രേഖപ്പെടുത്താൻ സ്ലാബിൽ കയറിനിന്നു മീറ്റർ പരിശോധിക്കുകയായിരുന്നു. ഇതിനിടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്ന് രാജേഷ് നേരെ കിണറ്റിലേക്ക് വീഴുകയായിരുന്നു. രാജേഷിന്റെ നിലവിളി ശബ്ദം കേട്ട് സമീപ പുരയിടത്തിൽ ചക്ക ഇടാനെത്തിയവർ ഓടിയെത്തിയങ്കിലും ആരെയും കണ്ടില്ല. അതുകൊണ്ട് തന്നെ അപകടത്തിൽപെട്ട വിവരം മനസ്സിലായതുമില്ല.
പിന്നീട് ഷിഫ്റ്റ് ജോലിയിൽ പ്രവേശിക്കാനെത്തിയ മറ്റൊരു ജീവനക്കാരൻ പമ്പ് ഹൗസിന്റെ അകത്തു കയറിയപ്പോഴാണ് സ്ലാബ് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് ഇയാൾ ഉടൻ പൊലീസിലും അഗ്‌നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു.
കിണറ്റിൽ വായുസഞ്ചാരമില്ലാത്തതും രക്ഷാ പ്രവർത്തനത്തിനു തടസ്സമായി. പാലായിൽ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും കോട്ടയത്തു നിന്നുള്ള സ്‌കൂബ ഡൈവിങ് സംഘവും ചേർന്നാണ് 9.30നു മൃതദേഹം പുറത്തെത്തിച്ചത്. വീഴ്ചയിൽ രാജേഷിന്റെ താടി ഭാഗത്തു പരുക്കുണ്ട്.
ചുറ്റും കോൺക്രീറ്റ് ചെയ്തിരിക്കുന്ന പകുതിയിലേറെ വെള്ളമുള്ള കിണറ്റിൽ ഇറങ്ങണമെങ്കിൽ ആൾനൂഴിയുടെ സ്ലാബ് നീക്കണം .ഓക്‌സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സംഘത്തിലെ ഒരാൾ കിണറ്റിലിറങ്ങി വല ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് മാസം മുൻപാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രാജേഷ് പമ്പ്ഹൗസിൽ ജോലിക്കു കയറിയത്. അതേസമയം രാജേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടവിവരം അധികൃതർ അറിയിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് രാജേഷിന്റെ ഭാര്യ ഷൈബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരേതനായ രാമചന്ദ്രന്റെയും സുമതിയുടെയും മകനാണ് രാജേഷ്. ഭാര്യ ഷൈബി രാമപുരം നെല്ലിയാനിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അമൃതലക്ഷ്മി, ആരാധ്യലക്ഷ്മി. സംസ്‌കാരം ഇന്നു 3നു കടയത്തെ വീട്ടുവളപ്പിൽ.