play-sharp-fill
എ.കെ ആന്റണി അടക്കമുള്ളവരെ മിമിക്രി ലോകത്ത് അവതരിപ്പിച്ച് കൈയ്യടി നേടിയ രാജീവ് ഇനി ചിരിക്കണമെങ്കിൽ സന്മനസുകൾ കനിയണം

എ.കെ ആന്റണി അടക്കമുള്ളവരെ മിമിക്രി ലോകത്ത് അവതരിപ്പിച്ച് കൈയ്യടി നേടിയ രാജീവ് ഇനി ചിരിക്കണമെങ്കിൽ സന്മനസുകൾ കനിയണം

 

സ്വന്തം ലേഖിക

കൊച്ചി: മിമിക്രി വേദികളിൽ എകെ ആന്റണി അടക്കമുള്ളവരെ അവതരിപ്പിച്ച് കൈയ്യടി നേടി തിളങ്ങിയ രാജീവ് കളമശ്ശേരിയെ മലയാളികൾ എങ്ങനെ മറക്കും. ടിവിയിൽ കാണുമ്പോൾ എല്ലാവരും പറയും ആന്റണിയെപ്പോലെ തന്നെയുണ്ടെന്ന്.

പല പരിപാടികളിലും നമ്മൾ ആ മുഖം കണ്ട് ചിരിച്ചു. എന്നാൽ ഇപ്പോൾ ആ കലാകാരൻ എവിടെ ആണെന്നും എന്ത് അവസ്ഥയിലാണെന്നും പലർക്കും അറിയില്ല. ഓർമകൾ നഷ്ടപ്പെട്ട് പഴയത് പോലെ സംസാരിക്കാനാകാതെ ആരോരുമറിയാതെ ജീവിക്കുകയാണ് രാജീവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുകാലത്ത് ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തിളങ്ങിയ രാജീവ് കളമശേരി ഇന്ന് ജീവിതത്തോട് മല്ലിടുകയാണ്. രാജീവിന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും അതിനായി ഏവരുടെയും സഹായം ആവശ്യമാണെന്നും അഭ്യർത്ഥിച്ച് നിർമ്മാതാവ് ശാന്തിവിള ദിനേശ് കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ അടുത്ത ദിവസം തന്നെ ആൻജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയിൽ കുഴഞ്ഞു വീണു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓർമ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞത്. കുഴഞ്ഞ് വീണതിന് ശേഷം ആശുപത്രിയിലെത്തിച്ചത് മുതൽ സംസാരം വളരെ പതുക്കെ ആയിരുന്നു. പല കാര്യങ്ങളും ഓർമ്മയിൽ ഇല്ലാത്ത അവസ്ഥയിലായി. പിറ്റേന്ന് ഡോക്ടർമാർ സ്‌കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഭാര്യ സൈനബയുടെയും മക്കളായ നസ്‌നിൻ, നസ്‌റിൻ, നെഹ്‌റിൻ, നെഫ്‌സിൻ എന്നിവരുടെയൊന്നും പേരു പോലും പറയാൻ അപ്പോഴൊന്നും രാജീവിന് ഓർമയുണ്ടായിരുന്നില്ല. പിന്നീട് പതിയെ ആരോഗ്യം വീണ്ടെടുക്കുന്ന സ്ഥിതിയെത്തി. ഇതിനിടെ വീണ്ടും വില്ലനായി അസുഖമെത്തി.

ശാന്തിവിള ദിനേശിന്റെ കുറിപ്പ് വായിക്കാം:

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!

രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!

പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ റിനൈയ് മെഡിസിറ്റിയിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.

അടിയന്തിരമായി ആൻജിയോപ്ലാസ്റ്റി ചെയ്യണം. സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്. എ.കെ. ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു. ചെയ്യാം എന്ന മറുപടിയും വന്നു. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്.ശ്രമങ്ങൾ തുടരാം.

രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾ എങ്കിലും നൽകണം ഈ അവസരത്തിൽ. ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം.

എന്ന് ശാന്തിവിള ദിനേശ്.

A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi

അവതരിപ്പിക്കാനിരുന്ന ടെലിവിഷൻ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ജൂലൈ 12നു നേരിട്ട ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു തുടക്കം. ആൻജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടർന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു. 30നു നടത്തിയ പരിശോധനയിൽ, അസുഖമെല്ലാം മാറിയെന്നും പരിപാടികൾ അവതരിപ്പിക്കാമെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി.

വീട്ടിലെത്തിയ രാജീവിന് അര മണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. ഹൃദയത്തിനു കുഴപ്പമില്ലെങ്കിലും കടുത്ത തലവേദന സഹിക്കാനാവാത്ത അവസ്ഥയായി. വാക്കുകൾ ശരിയാംവണ്ണം പറയാനാവില്ലെന്നതായിരുന്നു പ്രകടമായ തകരാർ. അന്ന് തുടങ്ങിയ പ്രശ്നങ്ങൾ പിന്നെ താരത്തെ വിട്ടുമാറിയില്ല. അത് ഇപ്പോഴും തുടരുന്നു.