രാജ്യസഭയിലേക്ക് മെഗാസ്റ്റാർ..

രാജ്യസഭയിലേക്ക് മെഗാസ്റ്റാർ..

 

കോട്ടയം: സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർഥിയായി നടൻ മമ്മൂട്ടിയുടെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. കെ.ടി.ഡി.സി. മുൻ ചെയർമാൻ ചെറിയാൻ ഫിലിപ്പിന്റെ പേരും സജീവ പരിഗണനയിലായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വലിയ പ്രചാരണ മുന്നേറ്റത്തിന് മമ്മൂട്ടിയെ വലിയ ഘടകമാക്കുവാനാണ് സി.പി.എം നീക്കം. രാജ്യസഭ അംഗമായ സുരേഷ് ഗോപി, ചാലക്കുടിയിൽനിന്ന് ഇടതുസ്വതന്ത്രനായി ലോക്സഭയിലെത്തിയ ഇന്നസെന്റ് എന്നിവർ സിനിമാരംഗത്തുനിന്നും എം.പിമാരായുണ്ട്. ഇവരിൽ സി.പി.എം അംഗമായ ഇന്നസെന്റ് ഇനി മത്സരിക്കാൻ സാധ്യത കുറവാണ്. ഇതും മമ്മൂട്ടിക്ക് അനുകൂല ഘടകമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം നേതൃത്വവുമായും അടുത്ത ബന്ധം പുലർത്തുന്ന മമ്മൂട്ടി സി.പി.എം അനുകൂല കൈരളി ചാനലിന്റെ ആരംഭം മുതൽ അതിന്റെ ചെയർമാനാണ്. മുൻപ് പലതവണ മമ്മൂട്ടിയെ രാജ്യസഭയിലേക്ക് സി.പി.എം നേതൃത്വം പരിഗണിക്കുന്നതായ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും മമ്മൂട്ടി അത്തരം പ്രചരണങ്ങൾക്ക് മുഖം കൊടുത്തിരുന്നില്ല. എം.പിയായാൽ തന്റെ രാഷ്ട്രീയനിലപാട് പരസ്യമാക്കപ്പെടും എന്നതിനാലായിരുന്നുവത്. എന്നാൽ ഇപ്പോൾ മകൻ ദുൽഖർ സൽമാൻ മലയാള സിനിമാ രംഗത്ത് സെയ്ഫായ സാഹചര്യത്തിൽ ഇനി രാജ്യസഭയിൽ ഒരു കൈ നോക്കാം എന്ന നിലപാടിലാണ് താരമെന്നാണ് സൂചന. തന്റെ അടുത്ത സുഹൃത്തുക്കളുമായി മമ്മൂട്ടി ഇക്കാര്യം പങ്ക് വച്ചതായാണ് അറിയുന്നത്.