play-sharp-fill
അദ്ധ്യാപകന്റെ അടി മർമ്മത്ത്: കുറിച്ചി രാജാസ് ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസുകാരന്റെ പിടലിയിൽ നീർക്കെട്ട്: അദ്ധ്യാപകന് സ്കൂൾ മാനേജ്മെന്റിന്റെ താക്കീത്: കേസ് ഒതുക്കാൻ നീക്കം

അദ്ധ്യാപകന്റെ അടി മർമ്മത്ത്: കുറിച്ചി രാജാസ് ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസുകാരന്റെ പിടലിയിൽ നീർക്കെട്ട്: അദ്ധ്യാപകന് സ്കൂൾ മാനേജ്മെന്റിന്റെ താക്കീത്: കേസ് ഒതുക്കാൻ നീക്കം

സ്വന്തം ലേഖകൻ

കുറിച്ചി : ക്ലാസിൽ വികൃതി കാട്ടിയ എട്ടാം ക്ലാസുകാരനെ അടക്കിയിരുത്താനുള്ള അധ്യാപകന്റെ ശ്രമം അൽപം കടന്നു പോയി. മർമ്മത്ത് അടി കിട്ടിയ കുട്ടിയുടെ പിടലിയിൽ നീർക്കെട്ടും അതിരൂക്ഷമായ വേദനയും. സ്കൂൾ ഹോസ്റ്റലിൽ നിൽക്കുന്ന എട്ടാം ക്ലാസുകാരനെയാണ് അധ്യാപകൻ മർദിച്ച് അവശനാക്കിയത്. സാരമായി പരിക്കേറ്റ കുട്ടി സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് താക്കീത് ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെ കുറിച്ചി രാജാസ് സ്കൂളിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസിൽ വികൃതി കാട്ടിയ കുട്ടിയെ അധ്യാപകൻ അടിക്കുകയായിരുന്നു. ഓടി മാറിയ കുട്ടിയുടെ പുറത്ത് വടി ഉപയോഗിച്ചായിരുന്നു അധ്യാപകന്റെ പ്രയോഗം. അടി കിട്ടിയത് കുട്ടിയുടെ കഴുത്തിനും. കുട്ടിയുടെ കഴുത്തിൽ നട്ടെല്ലിന്റെ ഭാഗത്ത് അടി കിട്ടിയതോടെ വേദന അതി രൂക്ഷമായി. രാത്രി വൈകി ഹോസ്റ്റലിൽ എത്തിയ കുട്ടിയ്ക്ക് കിടക്കാനും എഴുന്നേൽക്കാനും ആവാത്ത സ്ഥിതിയായി. വേദന അസഹ്യമായതോടെ കുട്ടിയെ ഹോസ്റ്റൽ വാർഡൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടലിയിൽ നട്ടെല്ലിനോട് ചേർന്ന ഭാഗത്തെ ഞരമ്പിനാണ് അടി കിട്ടിയതെന്ന് കണ്ടെത്തിയത്. തുടർന്ന് വേദന സംഹാരിയും , മറ്റ് മരുന്നുകളും കുട്ടിയ്ക്ക് നൽകി. തുടർന്ന് കുട്ടിയെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഹോസ്റ്റലിലേയ്ക്ക് മടക്കി അയക്കുകയായിരുന്നു. മാതാപിതാക്കൾ രണ്ടു പേരും വിദേശത്തായതിനാൽ സ്കൂളിലെ ഹോസ്റ്റലിലാണ് കുട്ടി നിൽക്കുന്നത്. അച്ഛന്റെ അമ്മയാണ് കുട്ടിയുടെ നാട്ടിലെ കാര്യങ്ങൾ നോക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് അച്ഛന്റെ അമ്മ ഹോസ്റ്റലിൽ എത്തിയിരുന്നു. എന്നാൽ , പരാതി നൽകരുതെന്ന സ്കൂൾ അധികൃതരുടെ അഭ്യർത്ഥന മാനിച്ച് ഇവർ അധ്യാപകനെതിരെ ഇവർ പരാതി നൽകിയില്ല. എന്നാൽ സംഭവം അറിഞ്ഞതിനെ തുടർന്ന് അധ്യാപകനെ താക്കീത് ചെയ്തതായി സ്കൂൾ പ്രിൻസിപ്പൽ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
എന്നാൽ , പരാതി പൊലീസിലും , ചൈൽഡ് ലൈനിലും നൽകാതെ ഒതുക്കാനുള്ള ശ്രമവും സ്കൂൾ അധികൃതർ നടത്തുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.