ബിജെപിയിൽ ഒ. രാജഗോപാലിനെതിരെ പ്രതിഷേധം; പിണറായി സർക്കാരിനെ രാഷ്ട്രീയമായി സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച ബിജെപി എംഎൽഎ ഒ. രാജഗോപാലിനെതിരെ പാർട്ടിയിൽ പ്രതിഷേധം. നിയമസഭയിലും പുറത്തും പാർട്ടിയുടെ ശബ്ദമായി മാറാൻ സംസ്ഥാനത്തെ ഒരേയൊരു ബിജെപി എംഎൽഎയ്ക്ക് കഴിയുന്നില്ലെന്നും ഗവർണർ നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായ സർക്കാരിനെ രാഷ്ട്രീയമായി സഹായിക്കുന്നതാണ് രാജഗോപാലിന്റെ പ്രസ്താവനയെന്നും നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ ആരോപണം.
നിയമസഭയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ആദ്യ വിമർശനം. നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലും എതിർപ്പുകൾ നേരിടേണ്ടിവന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സ്വീകരിച്ച നിലപാടുകളുടെ പേരിലും വിമർശനമുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് അല്ലല്ലോ ഗവർണറെ നിയമിക്കുന്നതെന്നായിരുന്നു മാധ്യമങ്ങളിൽ രാജഗോപാൽ പ്രതികരിച്ചത്. ഭരണഘടന അനുസരിച്ച് സർക്കാരിന്റെ തലവൻ ഗവർണറാണെങ്കിലും കൂടുതൽ അധികാരം ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിനാണെന്നും രാജഗോപാൽ വ്യക്തമാക്കിയിരുന്നു.